വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

.കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി.വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു കോടതി റിപ്പോര്‍ട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ത്തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

സാധാരണക്കാരന്‍ ഒരു ടീ ഷോപ്പ് നിര്‍മിച്ചാല്‍ പൊളിച്ചുമാറ്റില്ലേയെന്ന് കോടതി .

വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രഥമദൃഷ്‌ട്യാ നിയമലംഘനം കണ്ടിട്ടും പോലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായ വഞ്ചിയൂര്‍ എസ്‌എച്ച്‌ഒ യോടുള്ള കോടതിയുടെ ചോദ്യം. സ്റ്റേജ് അഴിച്ചുമാറ്റാന്‍ സിപിഎം ഏരിയാ സമ്മേളനത്തിന്‍റെ കണ്‍വീനറോടു പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്ന് എസ്‌എച്ച്‌ഒ മറുപടി നല്‍കി. അതു കേട്ട് കൈയും കെട്ടി നോക്കിനിന്നോ എന്നും പാര്‍ട്ടിക്കാര്‍ അങ്ങനെ പറഞ്ഞാല്‍ എന്തായിരുന്നു ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. ഒരു ടീ ഷോപ്പ് സാധാരണക്കാരന്‍ നിര്‍മിച്ചാല്‍ അത് പൊളിച്ചുമാറ്റുമല്ലോയെന്ന് കോടതി ചോദിച്ചു

വാഹനങ്ങളുള്‍പ്പെടെ പിടിച്ചെടുക്കണം

ഒരു നോട്ടീസ് പോലും നല്‍കാതെ തിരുവനന്തപുരം കോര്‍പറേഷന് സ്റ്റേജ് പൊളിച്ചുമാറ്റാമായിരുന്നു. അനാസ്ഥ കണ്ടില്ലെന്നു നടിച്ച കോര്‍പറേഷന്‍ സെക്രട്ടറിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. എഫ്‌ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സ്റ്റേജിലിരുന്ന നേതാക്കള്‍ക്കെതിരേ എന്തുകൊണ്ട് കേസെടുത്തില്ല. പ്രസംഗിച്ചവരും നാടകം കളിച്ചവരുമെല്ലാം നിയമലംഘത്തിന് കൂട്ടുനിന്നവരാണ്. അവിടെയെത്തിയ വാഹനങ്ങളുള്‍ പ്പെടെ പിടിച്ചെടുക്കണം. ഇതൊന്നും ഡിജിപി കണ്ടില്ലേയെന്നും കോടതി ചോദിച്ചു. ഡിസംബർ 16 തിങ്കളാഴ്ചയ്ക്കകം സംസ്ഥാന പോലീസ് മേധാവി സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.

മരട് സ്വദേശി പ്രകാശന്‍ നല്‍കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്

സംഭവത്തില്‍ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിക്കെതിരേയും കണ്ടാലറിയുന്ന 500 ഓളം പേര്‍ക്കെതിരേയും പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സമ്മേളനപരിപാടികള്‍ നടത്താനല്ലാതെ നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ സിപിഎം അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാതയോരത്തെ പൊതുയോഗം നിരോധിച്ച ഉത്തരവ് നിലനില്‍ക്കെ സമ്മേളനം നടത്തിയതു കോടതിയലക്ഷ്യമാണെന്നു ചൂണ്ടികാട്ടി മരട് സ്വദേശി പ്രകാശന്‍ നല്‍കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →