എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്ന് പരാതി. സംഘത്തിലെ 135 പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിക്കേണ്ടിവന്ന സംഭവത്തിൽ ശക്തമായ നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻപരാതിയെക്കുറിച്ച് വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ആർ.റ്റി.ഒ യെ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണം.
ആർ.റ്റി.ഒ യുടെ അന്വേഷണ റിപ്പോർട്ട് മൂന്ന് ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റ് റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തില്‍ ആർ.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനില്‍ സമർപ്പിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ആലുവഎസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂള്‍ പ്രിൻസിപ്പലും റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
പ്രാഥമികകൃത്യങ്ങള്‍ നിർവഹിക്കാൻ ഊട്ടിയിലേക്ക് കൊണ്ടുപോയി.
2024 നവംബർ 1 വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഘം വിനോദയാത്രക്കായി കൊടൈകക്നാലിലേക്ക് പുറപ്പെട്ടത്. ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം , സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താതിരുന്നതിനാൽ ബസില്‍ കഴിച്ചുകൂട്ടിയ സംഘത്തെ പ്രാഥമികകൃത്യങ്ങള്‍ നിർവഹിക്കാൻ മാത്രം ഊട്ടിയിലേക്ക് കൊണ്ടുപോയി. ഊട്ടിയില്‍ അതിനുളള സൗകര്യം നല്‍കിയതായി പരാതിയിലുണ്ട്. പത്രവാർത്തയുടെ അടിസ്ഥാത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി