കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് പിഴശിക്ഷ

തലശ്ശേരി : പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയില്‍ കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 26,500 രൂപ പിഴ ശിക്ഷ വിധിച്ചു. പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പുകളും, ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.ക്വാർട്ടേഴ്സ് ഉടമ കോടതിയില്‍ പിഴ ഒടുക്കി തടവ് ശിക്ഷയില്‍ നിന്നും, നിയമ നടപടികളില്‍ നിന്നും ഒഴിവായി. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ജില്ലയിലെ ആദ്യ പിഴ ശിക്ഷയാണിത്.

ക്വാർട്ടേഴ്സ് ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും സമയം അനുവദിക്കുകയും ചെയ്തു.

2024 ആഗസ്റ്റ് 13ന് തലശ്ശേരി നഗരസഭയിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊതുക് പെരുകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ രാജശ്രീ ക്വാർട്ടേഴ്സ് ഉടമയ്ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നല്‍കുകയും സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ക്വാർട്ടേഴ്സ് ഉടമ നിർദ്ദേശങ്ങള്‍ പാലിക്കാത്തത് രാജശ്രീ ഹെല്‍ത്ത് ഇൻസ്പക്ടർ ടെനിസൻ തോമസിൻ്റെ ശ്രദ്ധയില്‍ പെടുത്തി. ഹെല്‍ത്ത് ഇൻസ്പക്ടർ ക്വാർട്ടേഴ്സ് സന്ദർശിച്ച്‌ വീണ്ടും നിർദ്ദേശങ്ങളും സമയവും അനുവദിച്ചു. പക്ഷേ, ക്വാർട്ടേഴ്സ് ഉടമ പ്രശ്നപരിഹാരത്തിനു നല്‍കിയ നിർദ്ദേശങ്ങള്‍ പാലിച്ചില്ല. അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് ഹെല്‍ത്ത് ഇൻസ്പക്ടർ കോടതിയെ സമീപിച്ചത്.

പൊതുജനാരോഗ്യ നിയമം 2023

കേരളത്തില്‍ നിലവിലുണ്ടായിരുന്ന 1955ലെ തിരുവിതാംകൂർ കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്‌ട് മലബാർ മേഖലയില്‍ നിലവിലുണ്ടായിരുന്ന 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്‌ട് എന്നിവയ്ക്ക് പകരമായി 2023 ഡിസംബർ ഒന്നിന് നിലവില്‍ വന്നതാണ് കേരള പൊതുജനാരോഗ്യ നിയമം 2023. ഇത് പ്രകാരം സംസ്ഥാന പൊതുജനാരോഗ്യസമിതി, ജില്ലാ പൊതുജനാരോഗ്യസമിതി, പ്രാദേശിക പൊതുജനാരോഗ്യസമിതികള്‍ എന്നിവ വിവക്ഷിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏതു രീതിയിലുള്ള ഇടപെടലുകളും തടയുന്നതിനും പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ സമിതികള്‍ പ്രവർത്തിക്കുന്നത്. ജില്ല പൊതുജനാരോഗ്യ സമിതിയുടെ അദ്ധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡണ്ടും ഉപാദ്ധ്യക്ഷന്‍ ജില്ല കളക്ടറും മെമ്പര്‍ സെക്രട്ടറി ജില്ല മെഡിക്കല്‍ ഓഫീസറും ആണ്.

ഇതുപോലുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് നഗരസഭ ചെയർപേഴ്സണ്‍

.പ്രാദേശിക തലത്തിലുള്ള പൊതുജനാരോഗ്യസമിതിയില്‍ അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറെഷന്‍ പ്രസിഡണ്ട്‌/ചെയര്‍മാന്‍/മേയര്‍ അധ്യക്ഷരും അതത് മെഡിക്കല്‍ ഓഫീസർമാർ സെക്രട്ടറിമാരും ആണ്.പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏത് രീതിയിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് പ്രാദേശിക പൊതുജനാരോഗ്യസമിതികള്‍ക്ക് മുമ്ബാകെ പരാതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അതാത് പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാരായ മെഡിക്കല്‍ ഓഫീസർമാർ പരിശോധിക്കുന്നതും അത് സംബന്ധിച്ച്‌ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഇതുപോലുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ സമിതി ചെയർമാനായ തലശ്ശേരി നഗരസഭ ചെയർപേഴ്സണ്‍ ജമുന റാണി ടീച്ചർ അറിയിച്ചു.

കോടതി മുമ്പാകെയുള്ള നിയമ നടപടികളും നേരിടേണ്ടതാണ്

നടപടികള്‍ സ്വീകരിക്കാൻ രേഖാമൂലം നിർദ്ദേശം നല്‍കിയിട്ടും പാലിക്കാത്ത സന്ദർഭങ്ങളില്‍ പിഴ ശിക്ഷ ഈടാക്കും. 2000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴ ശിക്ഷകള്‍. പിഴ അടച്ചതിനു ശേഷവും കുറ്റം ആവർത്തിക്കുകയോ നിശ്ചിതകാലയളവിനുള്ളില്‍ പിഴ ശിക്ഷ അടയ്ക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ കോടതി മുമ്പാകെയുള്ള നിയമ നടപടികളും നേരിടേണ്ടതാണ്

Share
അഭിപ്രായം എഴുതാം