ചൊക്രമുടി മലനിരകളിലെ കയ്യേറ്റം : സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ

തിരുവനന്തപുരം : ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളില്‍ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി ഒക്ടോബർ 12 ന് മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൊക്രമുടി കയ്യേറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ പല വാർത്തകളും പ്രചരിക്കപ്പെടുന്നുണ്ടെങ്കിലും കൈയ്യേറ്റം പുറത്തുകൊണ്ടുവരുന്നതിന് മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ മന്ത്രി അഭിനന്ദിച്ചു.

നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.

കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് 2024 ആഗസ്റ്റ് 23-ന് ദേവിക്കുളം തഹസില്‍ദാറുടെ നിർദ്ദേശപ്രകാരം നിർമ്മാണ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തി വെച്ചുവെന്നും അതിനുപിന്നാലെ അടിയന്തരമായി അന്വേഷണം നടത്തിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. 2024 സെപ്റ്റംബർ 13-ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ എന്ന നിലയില്‍ ജില്ലാ കളക്ടർ സ്ഥലത്ത് എല്ലാ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.

അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ. സർവ്വീസില്‍ നിന്നും മാറ്റി നിർത്തി

ദേവിക്കുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ 5 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു, ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ സ്ഥലത്തിന്റെ ഡീമാർക്കേഷൻ നടത്തി. ഇതിനെ തുടർന്ന് 876 ഏക്കർ വരുന്ന പാറ പുറമ്പോക്ക് ഭൂമിയിലാണ് കയ്യേറ്റം നടന്നതെന്നു കണ്ടെത്തിയതായും മന്ത്രി കെ. രാജൻ പറഞ്ഞു.കയ്യേറ്റം തടയാൻ റവന്യൂ ആക്ടുകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കും. പതിച്ചു നല്‍കാനാകാത്തതും പാരിസ്ഥിതികമായി റെഡ് സോണില്‍ ഉള്‍പ്പെടുന്നതുമായ പ്രദേശത്തുളള അനധികൃത കയ്യേറ്റം തടയാത്ത ഉദ്യോഗസ്ഥരെയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് NOC അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥരെയും സർവ്വീസില്‍ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ലാൻറ്റ് കണ്‍സർവൻസി ആക്‌ട് പ്രകാരമുളള നടപടി സ്വീകരിക്കുന്നതിനും അതോടൊപ്പം മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഡിസാസ്റ്റർ മാനേജെന്റ് ആക്‌ട് പ്രകാരമുളള അടിയന്തര നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.

റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് കയ്യേറ്റത്തിന് കൂട്ടു നിന്നു എന്ന ആരോപണം വാസ്തവ വിരുദ്ധം.

വ്യവസ്ഥകള്‍ ലംഘിച്ചിട്ടുളള പട്ടയങ്ങള്‍ ഉണ്ടെങ്കില്‍ അവ റദ്ദ് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കും. വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്ന പക്ഷം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നതിനും ഉത്തരവില്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് അനുവദിച്ച NOC കള്‍ പരിശോധിച്ച്‌ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഈ കയ്യേറ്റത്തിന് കൂട്ടു നിന്നു എന്ന മാധ്യമങ്ങളുടെ ആരോപണം വാസ്തവ വിരുദ്ധമാണ്. കൈയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കണ്ട് നടപടി സ്വീകരിക്കുന്ന സർക്കാരാണിത്. കുടിയേറ്റക്കാർക്ക് പട്ടയം നല്‍കുന്നതിന് നിയമഭേദഗതിയുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമ്ബോഴും കൈയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെയുളള നടപടി സ്വീകരിക്കുന്നതിനുമുളള ഇച്ഛാശക്തി ഈ സർക്കാരിനുണ്ടെന്നും സംസ്ഥാനത്ത് പുരോഗമിച്ച്‌ വരുന്ന ഡിജിറ്റല്‍ സർവ്വേയിലൂടെ സർക്കാർ ഭൂമിയിലുള്ള മുഴുവൻ കൈയ്യേറ്റവും കണ്ടെത്താൻ കഴിയുമെന്നും അത്തരത്തില്‍ കണ്ടെത്തുന്ന മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →