തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് പോലീസ് പിടികൂടി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39)എന്നിവരാണ് പിടിയിലായത്.
പിൻസീറ്റിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകൾ
സെപ്തംബർ 27 വെള്ളിയാഴ്ച രാത്രി ഏഴരയോടെ പന്നിമലയിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത് കാറിന്റെ പിൻസീറ്റ് ഇളക്കിമാറ്റി അതിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റൂറൽ എസ്.പി. കിരൺനാരായണന് കിട്ടിയ വിവരത്തെ തുടർന്ന് സെപ്തംപർ 27 വെളളിയാഴ്ച വൈകീട്ട് മുതൽ ആറാട്ടുകുഴിയിൽ വെള്ളറട പോലീസും ഡാൻസാഫ് സംഘവും ബാരിക്കേഡ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. വൈകീട്ട് ഏഴു മണിയോടെ അകമ്പടി വാഹനത്തിന് പിന്നാലെയാണ് കഞ്ചാവുമായി മറ്റൊരു വാഹനമെത്തിയത്.
കഞ്ചാവ് മൊത്തമായി കടത്തുന്ന സംഘം
പോലീസിനെ കണ്ട് കടത്തു സംഘം വാഹനം തിരിച്ച് കത്തിപ്പാറ ശങ്കിലി വഴി പന്നിമലയിലേക്ക് ഓടിച്ചുപോയി. ഇവരുടെ പിന്നാലെ പാഞ്ഞ പോലീസ് സംഘം പന്നിമല സംഗമവേദിക്കടുത്തുള്ള ഇടറോഡിൽ വെച്ച് പിടികൂടുകയായിരുന്നു. ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവ് മൊത്തമായി കടത്തുന്ന സംഘമാണിതെന്നും കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായും പോലീസ് പറഞ്ഞു….