ഷെഡ്യൂള്‍ എച്ച്‌ 1 വിഭാഗത്തില്‍പ്പെട്ട ട്രമഡോള്‍ ഗുളികകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തി

കൊച്ചി : കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെക്ട്രം ഫാര്‍മ എന്ന മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ നിയമവിരുദ്ധമായി ലഹരി മരുന്ന്‌ വില്‍പ്പന നടത്തുന്നതായി കണ്ടെത്തി. എച്ച്‌ 1 ഷെഡ്യൂള്‍ വിഭാഗത്തില്‍പ്പെട്ടതും ലഹരി മരുന്നായി ദുരുപയോഗം ചെയ്‌തു വരുന്നതുമായ ട്രമഡോള്‍ ഗുളികകളാണ്‌ വന്‍തോതില്‍ യാതൊരു വിധ രേഖകളും ഇല്ലാതെ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുളളത്‌ .വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ആണ്‌ ഇതിന്റെ ഉപയോ?ഗം വര്‍ദ്ധിച്ചുവരുന്നത്‌.

വ്യക്തമായ പ്രിസ്‌ക്രിപ്‌ഷന്‍ ഇല്ലാതെ വന്‍തോതില്‍ വില്‍പ്പന

2024 ജൂലൈ മുതല്‍ സ്‌പെട്രം ഫാര്‍മയില്‍ 20910 ട്രമഡോള്‍ ഗുളികകള്‍ വാങ്ങിയതായും അതില്‍ 18535 ഗുളികകള്‍ വില്‍പ്പന നടത്തിയതായും ആയതില്‍ 2758 ഗുളികകള്‍ യാതൊരു വിധ രേഖകളും ഇല്ലാതെ വിറ്റഴിച്ചതായും കണ്ടെത്തി.. ലഹരി വസ്‌തുവായി ഉപയോഗിക്കുന്ന സ്‌പാസ്‌മോനില്‍ ടാബ്ലറ്റുകളും വ്യക്തമായ പ്രിസ്‌ക്രിപ്‌ഷന്‍ ഇല്ലാതെ വന്‍തോതില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്‌. മെഡിക്കല്‍ ഷോപ്പില്‍ ഒസിബി സിഗരറ്റ്‌ റോളിംഗ്‌ പേപ്പറുകളും ബള്‍ക്ക്‌ സ്‌റ്റോക്ക്‌ ഉള്ളതായി കണ്ടെത്തി. കഞ്ചാവ്‌,പുകവലി ഉപയോഗത്തെ പ്രോല്‍സാഹിപിക്കുന്ന തരത്തിലുള്ള ഇത്തരം വസ്‌തുക്കള്‍ വില്‍ക്കുന്നതിനെതിരെ സ്‌ഥാപനത്തില്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌ .. എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡും ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റും നടത്തിയ സംയുക്ത പരിശോധനയിലാണ്‌ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്‌

10 വര്‍ഷം വരെ കഠിന തടവ്‌ കിട്ടാവുന്ന കുറ്റം ആണ്‌.

വേദന സംഹാരി ആയി ഉപയോഗിക്കുന്ന ട്രമഡോള്‍ ഗുളികകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷന്‍ ഇല്ലാതെ 5ഗ്രാം മുതല്‍ കൈവശം വയ്‌ക്കുന്നത്‌ 10 വര്‍ഷം വരെ കഠിന തടവ്‌ കിട്ടാവുന്ന കുറ്റം ആണ്‌.സ്‌ഥാപന ഉടമയ്‌ക്ക്‌ എറണാകുളം ജില്ലയില്‍ 13 മെഡിക്കല്‍ ഷോപ്പുകള്‍ ഉള്ളതായും അവിടെയും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നത്‌ സംബന്ധിച്ച പരിശോധനകള്‍ വരുന്നദിവസങ്ങളില്‍ നടക്കുന്നതാണെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ വ്യക്തമാക്കി.

വാങ്ങുന്ന ആള്‍ക്കാരെ അടക്കം കണ്ടെത്തുന്നതിനുള്ള നടപടികള്‍

മയക്ക്‌ മരുന്ന്‌ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുന്ന ആള്‍ക്കാരെ അടക്കം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എക്‌സൈസ്‌ അധികൃതര്‍ വ്യക്തമാക്കി. സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതും ഭാവി തലമുറയെ നശിപ്പിക്കുന്നതുമായ സ്‌പെക്ട്രം ഫാര്‍മയുടെ ലൈസന്‍സ്‌ റദ്ദാക്കുന്നത്‌ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

.

.

.

Share
അഭിപ്രായം എഴുതാം