കീവ്: യുക്രൈനിയന്‍ നഗരമായ കോസ്റ്റ്യാന്റിനിവ്കയ്ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യയാണ് ആക്രമണം നടത്തിയതെന്നും നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഈ റഷ്യന്‍ തിന്മയെ എത്രയും വേഗം പരാജയപ്പെടുത്തണമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.തിരക്കേറിയ തെരുവിലാണ് ആക്രമണം നടന്നത്. മരിച്ച 16 പേരില്‍ ഒരു കുട്ടിയുമുണ്ട്. കുറഞ്ഞത് 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഉക്രേനിയന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാല്‍ അറിയിച്ചു. ഒരു മാര്‍ക്കറ്റ്, കടകള്‍, ഒരു ഫാര്‍മസി എന്നിവ തകര്‍ന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ യുക്രെയ്നിന്റെ തലസ്ഥാനമായ കീവില്‍ സെലെന്‍സ്‌കിയെ കാണാന്‍ എത്തിയ സമയത്തായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം റഷ്യയിലെ ഉദ്യോഗസ്ഥര്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. തങ്ങളുടെ ആക്രമണത്തിന്റെ ഭാഗമായി പൗരന്മാരെ ലക്ഷ്യമിടുന്നത് അവര്‍ നേരത്തെ നിഷേധിച്ചിരുന്നു.അവകാശവാദങ്ങളെക്കുറിച്ച് മോസ്‌കോയിലെ അധികാരികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



