തളിപ്പറമ്പ് (കണ്ണൂർ): വയലിലേക്ക് മറിഞ്ഞ ടിപ്പർ ലോറി ഉയർത്താനുള്ള ശ്രമത്തിനിടയിൽ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണപുരം റെയിൽവെ സ്റ്റേഷനു സമീപത്തെ താമസക്കാരനായ എം.ടി.മുസ്തഫ (39) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ പട്ടുവം മുതുകുട സ്കൂളിന് സമീപത്തായിരുന്നു സംഭവം.കയറ്റം കയറുന്നതിനിടയിൽ മണൽ കടത്ത് സംഘത്തിന്റെ ലോറി വയലിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ടിപ്പർ നാട്ടുകാർ കാണുന്നതിന് മുൻപ് ഉയർത്തിയെടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്.
കുപ്പം പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്നതിനിടെയാണ് സംഭവമെന്നാണ് സൂചന. ക്രെയിനിനടിയിൽപ്പെട്ടുപോയ മുസ്തഫയെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ക്രെയിൻ തട്ടി സ്ഥലത്തെ വൈദ്യുത ലൈനും തകർന്നിരുന്നു



