ചങ്ങനാശ്ശേരി: പോഷ് (ലൈംഗിക പീഡനം തടയൽ നിയമം) ആക്ട് പ്രകാരമുള്ള ആഭ്യന്തര തർക്ക പരിഹാര സമിതി സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിത കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ചങ്ങനാശേരി ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം.
ആഭ്യന്തര തർക്ക പരിഹാര സമിതി സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടില്ലെന്ന് പരിശോധനയിൽ ബോധ്യമായി. സർക്കാരിന്റെ കീഴിലുള്ള ഒരു ജില്ലാ ബോർഡിലെ വനിതാ ജീവനക്കാർ മേലധികാരിക്കെതിരേ നൽകിയ പരാതി പരിഗണിക്കവെയാണ് ആഭ്യന്തര തർക്ക പരിഹാര സമിതി സംബന്ധിച്ച് കമ്മിഷൻ അംഗം പരാമർശിച്ചത്. ഈ കേസിൽ സ്ഥാപനത്തിന്റെ മേലധികാരി ഹാജരാകാൻ വനിതാ കമ്മീഷൻ നിർദേശിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികമായ പ്രശ്‌നങ്ങൾ വർദ്ധിച്ചു വരികയാണ്. മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നില്ല, അവരുടെ വീട്ടിൽ താമസിക്കുന്ന മക്കൾ ആഹാരം നൽകുന്നില്ല, സ്വാതന്ത്ര്യം നൽകുന്നില്ല, മക്കളെ മാറ്റി താമസിപ്പിക്കണം തുടങ്ങിയ പരാതികളും പരിഗണനയ്ക്ക് എത്തി.
രണ്ടു പരാതികളിൽ ഇരുകൂട്ടരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഒത്തുതീർപ്പുണ്ടാക്കാൻ സാധിച്ചെന്ന് വനിത കമ്മിഷനംഗം പറഞ്ഞു. അദാലത്തിൽ 62 പരാതികൾ പരിഗണിച്ചതിൽ 17 എണ്ണം പരിഹരിച്ചു. രണ്ടു പരാതികളിൽ റിപ്പോർട്ട് തേടി. 43 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. കുടുംബപ്രശ്‌നം, ഗാർഹികപീഡനം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ എന്നീ കേസുകളാണ് കമ്മിഷന് മുന്നിലെത്തിയത്. അഡ്വ. ഷൈനി ഗോപി, അഡ്വ.മീര രാധാകൃഷ്ണൻ, അഡ്വ. സി.കെ. സുരേന്ദ്രൻ, വനിത കമ്മിഷൻ ജീവനക്കാരായ എസ്. ലേഖ, മായദേവി തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.
വിവാഹപൂർവ കൗൺസലിംഗ് നിർബന്ധമാക്കണമെന്ന് വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തതായി കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂർ ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വനിത കമ്മിഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിവാഹ പൂർവ കൗൺസലിംഗിന് വിധേയമായതിന്റെ സർട്ടിഫിക്കറ്റുകൾ കൂടി വിവാഹ രജിസ്ട്രേഷൻ സമയത്ത് പരിഗണിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. കമ്മിഷൻ സിറ്റിംഗിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണൽ ഓഫീസിലും കൗൺസലിംഗ് സൗകര്യങ്ങളുണ്ട്. വനിത- ശിശുവികസന വകുപ്പ് കൗൺസലർമാരുടെ സേവനവും പ്രയോജനപ്പെടുത്താം. ഭാര്യാ-ഭർതൃബന്ധങ്ങൾ വളരെയേറെ ശിഥിലമാവുകയാണ്. പങ്കാളികൾക്കിടയിൽ പരസ്പര വിശ്വാസമില്ലായ്മയുടെ പ്രശ്നങ്ങളാണ് ദാമ്പത്യ ബന്ധങ്ങളെ കൂടുതൽ ശിഥിലമാക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിൽ തന്നെ പ്രശ്നങ്ങൾ തുടങ്ങുന്നതായി കമ്മിഷനു മുമ്പിൽ വരുന്ന പരാതികളിൽ നിന്നും വ്യക്തമാകുന്നുവെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

