സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിലെ നിർണായക ശബ്ദസന്ദേശം പുറത്ത്. പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെടൽ നടത്തി എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്.
വിനയന്റെ 19-ാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചപ്പോൾ അത് മാറ്റുന്നതിനും രഞ്ജിത്ത് ഇടപെടൽ നടത്തിയെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ഒരു ജൂറി അംഗത്തിനും അഭിപ്രായമില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശവും പുറത്തെത്തിയിരിക്കുന്നത്.
സംവിധായകൻ വിനയനുമായി നടത്തിയ സംഭാഷണമാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്. 19-ാം നൂറ്റാണ്ട് പോലൊരു സിനിമ തെരഞ്ഞെടുക്കരുത് എന്ന് രഞ്ജിത്ത് പറഞ്ഞു എന്ന് നേമം പുഷ്പരാജ് പറഞ്ഞതായുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനാവശ്യമായി ഇടപെടൽ നടത്തിയെന്ന് നേമം പുഷ്പരാജ് വിനയനോട് പറയുന്നു. 19-ാം നൂറ്റാണ്ട് ചവർ സിനിമ തെരഞ്ഞെടുക്കരുതെന്നും ഇത്തരത്തിൽ ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്നും രഞ്ജിത്ത് പറഞ്ഞതായി പുഷ്പരാജിന്റെ ശബ്ദസന്ദേത്തിൽ പറയുന്നു.
ഇത് രഞ്ജിത്തിന്റെ കളിയാണെന്ന് അപ്പോൾ തനിക്ക് മനസിലായെന്നും നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശത്തിലുണ്ട്. രഞ്ജിത്ത് ഈ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം ഇദ്ദേഹത്തിന് ശത്രുതയുള്ളവർക്കൊന്നും നീതി കിട്ടില്ല. കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലാണല്ലോ ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നുവെന്നും നേമം പുഷ്പരാജ് വിനയനോട് പറയുന്നു




