കള്ളപ്പണം വെളുപ്പിക്കൽ കേസ്: യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് ജാമ്യം നിഷേധിച്ച് സുപ്രീം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. കേസ് ബാങ്കിംഗ് സംവിധാനത്തെയാകെ പിടിച്ചു കുലുക്കിയതായി ജാമ്യ ഹർജി പരിഗണിക്കാവെ കോടതി പറഞ്ഞു. 3,642 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് യെസ് ബാങ്ക് നിയമ നടപടി നേരിടുന്നത്. 

“ഈ കേസ് ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ പിടിച്ചുകുലുക്കി. യെസ് ബാങ്ക് പ്രതിസന്ധിയിലായി, നിക്ഷേപകരെ സംരക്ഷിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇടപെടേണ്ടി വന്നു,ഭാരിച്ച ഓഹരികളും ധാരാളം ആളുകളും ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നിങ്ങൾ മുൻഗണനാക്രമത്തിൽ കേസുകൾ എടുക്കണം. ഇഡി അന്വേഷണം ഇത്രയും സമയമെടുക്കുകയാണെങ്കിൽ, കേസിൽ എന്തോ കുഴപ്പമുണ്ട്,”- ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.

അതേസമയം യെസ് ബാങ്കിന് കീഴിൽ നൂറുകണക്കിന് ഷെൽ കമ്പനികളുണ്ടെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ ശ്രമിക്കുന്നതിനാലാണ് അന്വേഷണം നീണ്ടുപോകുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. 

ഒരു മനുഷ്യനെ അനിശ്ചിതകാലത്തേക്ക് ജയിലിൽ നിർത്താനുള്ള കാരണം ഈ കേസിന് പിന്നിൽ ഇല്ലെന്ന് റാണാ കപൂറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയെ അറിയിച്ചു,

“ബാങ്ക് പ്രതിസന്ധിയിലായി, എന്നാൽ ഒരു മനുഷ്യനെ അനിശ്ചിത കാലത്തേക്ക് ജയിലിൽ നിർത്താൻ ഇത് ഒരു കാരണമല്ല. 2020 മാർച്ച് 8 മുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്.മൂന്നു വർഷം, സാധ്യമായ ഏറ്റവും കുറഞ്ഞ ശിക്ഷയേക്കാൾ കൂടുതൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്.”-  മനു സിംഗ്വി പറഞ്ഞു. 

എന്നാൽ ജാമ്യം ലഭിച്ചാൽ വിചാരണ ഒരിക്കലും അവസാനിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത് സങ്കീർണ്ണമായ അന്വേഷണമാണെന്ന് എഎസ്ജി കോടതിയെ അറിയിച്ചു. അതേസമയം സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചതോടെ കപൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഡിഎച്ച്എഫ്എൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2020 മാർച്ച് മുതൽ കപൂർ ജയിലിലാണ്.

ജൂലൈയിൽ, സ്വകാര്യ മേഖലയിലെ വായ്പാദാതാവിന്റെ എടി1 ബോണ്ടുകൾ തെറ്റായി വിറ്റ കേസിൽ 2.22 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് സെബി റാണാ കപൂറിന് നോട്ടീസ് അയച്ചു.  15 ദിവസത്തിനുള്ളിൽ പണമടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ അറസ്റ്റ് ചെയ്യുമെന്നും ആസ്തികളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നൽകി. 

യെസ് ബാങ്കിന്റെ അന്നത്തെ സിഇഒ റാണാ കപൂറിനും മറ്റുള്ളവർക്കുമെതിരെ 2020 മാർച്ച് ഏഴിന് ഇ ഡി ഒരു ECIR (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →