ഇൻഡോർ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു. ധാദ്രി എന്നു പേരിട്ട പെൺ ചീറ്റയുടെ ജഡമാണ് കണ്ടെത്തിയത്. അഞ്ചു മാസത്തിനിടെ കുനോ വനത്തിൽ ഇത് ഒമ്പതാമത്തെ ചീറ്റയ്ക്കാണു ജീവൻ നഷ്ടമാകുന്നത്.
ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമായി 20 ചീറ്റകളെയാണു മധ്യപ്രദേശിലെ കുനോ വനത്തിലെത്തിച്ചത്. ഇതിലൊരു പെൺചീറ്റയ്ക്ക് നാലു കുഞ്ഞുങ്ങൾ പിന്നീടു പിറന്നു. ഇതിൽ മൂന്നു കുഞ്ഞുങ്ങളും ആറു മുതിർന്ന ചീറ്റകളുമാണ് ഏതാനും മാസങ്ങൾക്കിടെ ചത്തത്.
അവശേഷിക്കുന്ന ഏഴ് ആൺ ചീറ്റകളും ആറു പെൺ ചീറ്റകളും ഒരു പെൺ ചീറ്റക്കുഞ്ഞും അടക്കം 14 ചീറ്റകളെ പ്രത്യേകം വേലികെട്ടിത്തിരിച്ച പ്രദേശത്താണു സംരക്ഷിക്കുന്നത്. ഇവ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു ചീറ്റയെ തിരികെ പിടികൂടാനും ആരോഗ്യ പരിശോധന നടത്താനുമുള്ള ശ്രമത്തിലാണു വനം വകുപ്പ്.
കഴുത്തിലെ റേഡിയോ കോളറിൽ നിന്ന് അണുബാധയുണ്ടായി കഴിഞ്ഞമാസം രണ്ടു ചീറ്റകൾ ചത്തിരുന്നു. ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ചീറ്റ ചികിത്സാ വിദഗ്ധർ ഇവയുടെ റേഡിയോ കോളർ അഴിച്ചുമാറ്റി മുറിവുകൾ വൃത്തിയാക്കുകയും മരുന്നു നൽകുകയും ചെയ്തു. കുനോയിലെ കനത്ത മഴയും തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ, വരണ്ട കാലാവസ്ഥയിൽനിന്നു വന്ന ചീറ്റകൾക്കു ബുദ്ധിമുട്ടാകുന്നു എന്നാണ് നിഗമനം.

