മൈസൂർ: മാട്രിമോണിയൽ വെബ്‍സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് 15 വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ. ബംഗളുരു കാളിദാസ നഗർ സ്വദേശിയായ കെ.ബി മഹേഷ് (35) ആണ് അറസ്റ്റിലായത്. ഡോക്ടർ, എഞ്ചിനീയർ, സിവിൽ കോൺട്രാക്ടർ എന്നിങ്ങനെയുള്ള ജോലികൾ ചെയ്യുന്നയാളാണെന്ന് കാണിച്ചായിരുന്നു മാട്രിമോണിയൽ സൈറ്റുകളിൽ പ്രൊഫൈലുകൾ സൃഷ്ടിച്ചിരുന്നത്. വിവാഹ ശേഷം പണവും മറ്റ് സാധനങ്ങളുമായി ദിവസങ്ങൾക്കകം മുങ്ങുന്നതായിരുന്നു രീതി.
രണ്ട് കാറുകളും ഏഴ് മൊബൈൽ ഫോണുകളും രണ്ട് ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ ആരോപണങ്ങൾ സമ്മതിച്ചു. അവിവാഹിതരായ പ്രായമായ സ്ത്രീകൾ, വിധവകൾ എന്നിങ്ങനെയുള്ളവരെയാണ് മഹേഷ് ലക്ഷ്യമിട്ടിരുന്നത്. ഡോക്ടറെന്നോ എഞ്ചിനീയറോന്നോ മറ്റോ പരിചയപ്പെടുത്തുന്ന പ്രൊഫലുകളിലൂടെ ഇവരുമായി അടുപ്പം സ്ഥാപിക്കും. വിവാഹത്തിന് ശേഷം വാടക വീടുകളിലേക്ക് കൊണ്ടുപോവുകയും അവിടെ കുറച്ച് ദിവസം താമസിച്ച ശേഷം മുങ്ങുകയുമായിരുന്നു രീതി. സംഭവിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ചില സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡോക്ടർമാർക്ക് വേണ്ടി മാത്രമുള്ള ഒരു മാട്രിമോണി വെബ്‍സൈറ്റിലും ഇയാൾക്ക് പ്രൊഫൈലുണ്ടായിരുന്നു.
മൈസൂർ ആർ.ടി നഗർ സ്വദേശിയായ ഹേമലതയാണ് ഇയാൾക്കെതിരെ പരാതി നൽകിയതും തുടർന്ന് യുവാവ് പിടിയിലായതും. 2022 ഓഗസ്റ്റിലാണ് ഡിഎൻബി സ്‍പെഷ്യലിസ്റ്റ് ഡോക്ടറെന്ന് പരിചയപ്പെടുത്തി മഹേഷ്, ഹേമലതയെ വിവാഹം ചെയ്യാനുള്ള താത്പര്യം അറിയിച്ചത്. പിന്നീട് ബംഗളുരു മാരത്തഹള്ളിയിലുള്ള ഒരു കടയിൽ വെച്ച് പരസ്പരം കണ്ട് ഫോൺ നമ്പറുകൾ കൈമാറി. 2022 ഡിസംബറിൽ ഹേമലതയെ മൈസൂരിലേക്ക് വിളിക്കുകയും ചാമുണ്ഡി ഹില്ലിൽ കൊണ്ട് പോവുകയും ചെയ്ത ശേഷം എസ്ബിഎം ലേഔട്ടിലുള്ള വീട്ടിലെത്തിച്ചു. തുടർന്നാണ് വിജയനഗറിൽ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതി വിശദീകരിച്ചത്.
ഹേമലത ബന്ധുക്കളുമായി സംസാരിക്കുകയും 2023 ജനുവരി അവസാനം വിശാഖപട്ടണത്തെ ഹോട്ടലിൽ വെച്ച് വിവാഹം നടത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം മൈസൂരിലേക്ക് തിരിച്ചെത്തിയ ഉടൻ തന്നെ പുതിയ ക്ലിനിക്ക് തുറക്കുന്ന കാര്യം വീണ്ടും അവതരിപ്പിച്ചു. ഇതിനായി ഹേമലത 70 ലക്ഷം രൂപയുടെ ലോണിന് ആപേക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ഭീഷണിയായി. ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ നിന്ന് 15 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും മോഷ്ടിച്ച് ഇയാൾ സ്ഥലംവിട്ടു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ബംഗളുരു സ്വദേശിയായ ദിവ്യ എന്ന മറ്റൊരു സ്ത്രീ ഹേമലതയെ സമീപിച്ച്, മഹേഷ് തന്നെയും വിവാഹം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കി ഹേമലത പരാതി നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്തപ്പോൾ 15 വിവാഹം ചെയ്തിട്ടുണ്ടെന്ന വിവരം പുറത്തായി. വിവാഹം ചെയ്ത ചില സ്ത്രീകളെ പല വീടുകളിലായി പാർപ്പിച്ചിരിക്കുകയാണെന്നും മാസത്തിൽ ഒന്നോ രണ്ടോ തവണ ഇവരെ സന്ദർശിക്കുകയുമാണ് പതിവെന്നും ഇയാൾ പറഞ്ഞു

