കട്ടപ്പന: വാറ്റു കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ വാറ്റുചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി. സംഭവത്തിൽ കാഞ്ചിയാർ സ്വദേശി കൊച്ചു ചേന്നാട്ട് ബിബിൻസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കിയിലെ വാഴവരയിൽ വാറ്റു കേന്ദ്രം നടത്തിയിരുന്ന കാഞ്ചിയാർ സ്വദേശി ബിബിൻസ് സ്ഥിരമായി വാറ്റ് ചാരായം വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കട്ടപ്പന ഡി.വൈ.എസ്.പി വി എ നിഷാദ് മോൻറെ പ്രത്യേക സ്‌ക്വാഡ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. 2023 ജൂലൈ 6 നാണ് സംഭവം
പരിശോധനയിൽ വാഴവരയിലുള്ള ഏലത്തോട്ടത്തിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടിനുള്ളിൽ നിന്നാണ് ലൈസൻസില്ലാത്ത രണ്ട് നാടൻ തോക്കുകളും, രണ്ട് ലിറ്റർ വാറ്റ് ചാരായവും, അൻപത് ലിറ്റർ കോടയും കണ്ടെടുത്തത്. ബിബിൻസ് തോക്കുകൾ ഉപയോഗിച്ച് മൃഗവേട്ട നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
മുമ്പ് താമസിച്ചിരുന്ന കക്കാട്ടുകടയിലും ബിബിൻസ് ചാരായം വാറ്റി വിൽപ്പന നടത്തിയിട്ടുണ്ട്. വിവിധ ഭാഗത്ത് ഇയാൾക്ക് അടുപ്പമുള്ളവർക്ക് മാത്രമാണ് ചാരായം വിറ്റിരുന്നത്. എട്ടു വർഷം മുമ്പാണ് വാഴവര മന്നാക്കുടി ഭാഗത്ത് സ്ഥലം വാങ്ങി കൃഷി തുടങ്ങിയത്. മൂന്നു വർഷമായി വാഴവരയിൽ കുടുംബവുമൊത്ത് ബിബിൻസ് താമസിച്ച് വരികയായിരുന്നു.



