കൈതോലപ്പായയിലെ പണം കടത്ത്; കോൺഗ്രസ് പരാതിയിൽ അന്വേഷണം
ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ബെന്നി ബഹനാന്‍റെ പരാതി

തിരുവനന്തപുരം: കൈതോലപ്പായിൽ പൊതിഞ്ഞ് കോടികൾ കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കുറിച്ചുള്ള കോൺഗ്രസിന്‍റെ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനാണ് ഡിജിപിക്ക് പരാതി നൽകിയത്.

പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് കലൂരിലെ ദേശാഭിമാനി ഓഫിസിൽ വിവിധ ആളുകളിൽ നിന്നായി ശേഖരിച്ച പണം ഓലപ്പായിൽ കെട്ടി കാറിൽ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി എന്നാണ് ശക്തിധരന്‍റെ വെളിപ്പെടുത്തൽ. നിലവിൽ മന്ത്രിസഭയിൽ അംഗമായിരിക്കുന്ന നേതാവും കാറിൽ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. 2.35 കോടി രൂപയാണ് കൊണ്ടു പോയതെന്നും അദ്ദേഹം പറയുന്നു.

കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനും എതിരേ കേസുകളുടെ കുരുക്ക് സർക്കാർ മുറുക്കുമ്പോഴാണ് മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള ആരോപണങ്ങൾ വന്നത്. പ്രതിപക്ഷത്തിനെതിരേ കേസെടുത്ത അതേ രീതി തന്നെ ഇപ്പോഴത്തെ വെളുപ്പെടുത്തലുകളുടെ കാര്യത്തിലും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →