പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ വിശദീകരണവുമായി കെ വിദ്യ. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസിൽ മനപൂർവ്വം കുടുക്കിയതാണെന്നും വിദ്യ മൊഴി നൽകി. താൻ വ്യാജ സർട്ടിഫിക്കറ്റ് എവിടെയും നൽകിയിട്ടില്ല. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നിൽ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണെന്നും വിദ്യ മൊഴി നൽകി. അതേസമയം, വിദ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. വിദ്യയെ 2023 ജൂൺ 22 ന് 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ജൂൺ 20 ന് രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്. വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി പരിഗണനക്ക് എത്തിയത്.
പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത വ്യാജരേഖ കേസിലും മുൻകൂർ ജാമ്യം തേടി. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ജൂൺ 19 തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്. കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ജൂൺ 24ന് ജാമ്യ ഹർജി കോടതി പരിഗണിക്കും



