തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ മൂന്നംഗ ചുരുക്ക പട്ടികയായി. ജയിൽ മേധാവി കെ. പദ്മകുമാർ, അഗ്‌നിരക്ഷാവിഭാഗം മേധാവി ഷേഖ് ദർവേശ് സാഹേബ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണ് ഡിജിപിയാകനുള്ള അന്തിമ പട്ടികയിൽ.
യൂണിയൻ പബ്ലിക് കമ്മിഷനാണ് മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് അംഗീകാരം നൽകിയത്. ഇതിൽനിന്ന് ഒരാളെ 30-നുമുമ്പ് പോലീസ് മേധാവിയായി സംസ്ഥാനസർക്കാർ പ്രഖ്യാപിക്കും. നിലവിലെ ഡിജിപി അനിൽകാന്ത് 2023 ജൂൺ 30-നാണ് വിരമിക്കുന്നത്.-
ജയിൽ മേധാവി കെ. പദ്മകുമാറാണ് സീനിയോറിറ്റിയിൽ ഒന്നാമത്. എട്ടുപേരുടെ പട്ടികയിൽ നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിർദേശിച്ചത്. യു.പി.എസ്.സി. ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ചീഫ് സെക്രട്ടറി വി.പി. ജോയ്, പോലീസ് മേധാവി അനിൽകാന്ത് എന്നിവരടക്കം ഉന്നതതല യോഗത്തിൽ പങ്കെടുത്തു.



