റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളം പനിച്ചുവിറക്കുന്നു : ‘മാറിയില്ലാ മഴക്കാലം’ എന്ന പേരിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ കാമ്പയിൻ.

June 20, 2023 - 8:07 am

കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപ് തന്നെ മഴക്കാലരോഗങ്ങളും പകർച്ചപ്പനികളും സംസ്ഥാനത്ത് വ്യാപകമാകുന്നു, 2023 ജൂൺ മാസം 20 വരെ മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ഡെങ്കിപ്പനിയുടെ സാനിധ്യം റിപ്പോർട്ട് ചെയ്തതും സർക്കാർ ആശുപത്രികളിൽ മാത്രം ഒൻപത് എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന മുന്നറിയിപ്പ് നൽകുന്നു. മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണൈന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗങ്ങൾക്കെതിരെ ഓരോരുത്തരും കരുതിയിരിക്കേണ്ടതുണ്ട്.

ജൂൺ മാസത്തിൽ 3678 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. ഇതിൽ 877 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 2801 പേർ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. 165 പേരാണ് എലിപ്പനിയ്ക്ക് ഈമാസം ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ എണ്ണം കൂടി കണക്കിലെടുത്താൽ പനിബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടാകും. വൈറൽ പനി ബാധിച്ചവരുടെ എണ്ണത്തിലും വലിയ രീതിയിൽ വർധനവുണ്ടാകുന്നുണ്ട്.

പത്തനംതിട്ട ജില്ലയിൽ രണ്ട് ദിവസത്തിനിടെ രണ്ട് പേർ എലിപ്പനി ബാധിച്ച് മരിയ്ക്കുന്ന സ്ഥിതിയുണ്ടായി. കൊടുമൺ സ്വദേശികളായ മണി, സുജാത എന്നിവർക്കാണ് ഒരു ദിവസത്തെ ഇടവേളയിൽ എലിപ്പനി മൂലം ജീവൻ നഷ്ടമായത്. പത്തനംതിട്ട ജില്ലയിൽ തന്നെ ദിവസങ്ങൾക്ക് മുൻപ് അടൂർ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.

കേരളം പനിച്ചുവിറയ്ക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കൂടുതൽ പനിവാർഡുകൾ തുറന്നിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാൻ മരുന്നുകൾ വ്യാപകമായി നൽകുന്നുണ്ടെങ്കിലും പലരും മരുന്ന് കഴിക്കാൻ വിമുഖത കാട്ടുന്നു എന്ന പ്രശ്‌നവും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ മുന്നിലുണ്ട്. ആവശ്യത്തിന് മരുന്നുകൾ എല്ലാ ആശുപത്രിയിലും എത്തിച്ചിട്ടുണ്ടെന്നും കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് കൃത്യമായി പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. ആരോഗ്യ ജാഗ്രതാആരോഗ്യ വകുപ്പ് കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

എലിപ്പനി, ഡെങ്കിപ്പനി മുതലായ ഗുരുതര പകർച്ചവ്യാദികളും നിന്നും വൈറൽപ്പനി പോലുള്ളവയും കൂടുതൽ വഷളാകുന്നതിന് മുൻപ് ചികിത്സ തേടുന്നതിന് ഇവയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പേശീവേദന, കാൽമുട്ടിൽ അതിശക്തമായ വേദന, കണ്ണിൽ വീക്കവും വേദനയും, കണ്ണിന് ചുവപ്പുനിറം മുതലായവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒട്ടുംവൈകാതെ ചികിത്സ തേടാം. ശക്തമായ പനിയ്‌ക്കൊപ്പം മഞ്ഞപ്പിത്തവും ഉണ്ടായാൽ എലിപ്പനിയാണോ എന്ന് ബലമായി സംശയിക്കണം. പനിയ്‌ക്കൊപ്പം ഛർദിയും വയറിളക്കവും ഉണ്ടാകുന്നതും എലിപ്പനിയുടെ ലക്ഷണമാണ്.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, നെഞ്ചിലും മുഖത്തും തടുപ്പുകൾ മുതലായവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഇവയ്‌ക്കൊപ്പം കടുത്ത വയറുവേദന, മലത്തിന് കറുത്ത നിറം, ശ്വാസ തടസം, തളർച്ച എന്നിവയുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടണം.

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതും ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായി ചികിത്സ തേടേണ്ടതും നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള വലിയ ഒരു ഉത്തരവാദിത്തത്തിന്റെ കൂടി ഭാഗമാണ്. ഡെങ്കിപ്പനി, ഇൻഫഌവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കൽ സ്റ്റോറിൽ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് കർശനമായി നിർദേശിക്കുന്നു.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമായി നടത്തിയിരുന്നു. ശുചീകരണത്തിൽ നിരന്തരമായ തുടർ പ്രവർത്തനങ്ങൾ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികളും മണിപ്ലാന്റും ഫ്രിഡ്ജിന്റെ ഡ്രേയും കൊതുകിന്റെ ഉറവിടമാകുന്നതിനാൽ വലിയ ദോഷം ചെയ്യും. അതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വരാതിരിക്കാൻ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങൾ വലിച്ചെറിയരുത്. പാഴ് വസ്തുക്കൾ മഴവെള്ളം കെട്ടിനിൽക്കാതിരിക്കാൻ മൂടിവയ്ക്കുക. സ്‌കൂളുകൾ, സ്ഥാപനങ്ങൾ, തോട്ടങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ, ആക്രിക്കടകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങൾ മഴനനയാതിരിക്കാൻ മേൽക്കൂര ഉണ്ടായിരിക്കണം. നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.

രോഗം ബാധിച്ചാൽ ശ്രദ്ധിക്കാതിരുന്നാൽ എലിപ്പനി ഗുരുതരമാകും. അതിനാൽ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവർ, ജോലി ചെയ്യുന്നവർ, കളിക്കുന്നവർ, തൊഴിലുറപ്പ് ജോലിക്കാർ എന്നിവർ എലിപ്പനി ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവർ ഗ്ലൗസും കാലുറയും ഉപയോഗിക്കണം. എലിപ്പനിയെ പ്രതിരോധിക്കാൻ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടതാണ്. ആരോഗ്യ കേന്ദ്രങ്ങൾ വഴി ഡോക്‌സിസൈക്ലിൻ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏത് പനിയും എലിപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

മഴക്കാലത്ത് ബാധിക്കുന്ന പ്രധാന രോഗമാണ് വയറിളക്ക രോഗങ്ങൾ. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. കിണർ തുടങ്ങിയ ജല സ്‌ത്രോതസുകളിൽ മലിന ജലം കലരാതെ സംരക്ഷിക്കണം. ക്ലോറിനേഷൻ കൃത്യമായി ചെയ്യണം. വെള്ളം എപ്പോഴും മൂടിവയ്ക്കുക. പ്രതിരോധ മരുന്നുകൾ കഴിക്കാതിരുന്നും കൃത്യമായി ചികിത്സ തേടാതിരുന്നും സ്വയം ചികിത്സിച്ചും ആരോഗ്യവകുപ്പ് നിർദേശങ്ങളെ അവഗണിച്ചാൽ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടേയും ആരോഗ്യത്തിന് ഇത് ഭീഷണിയാകുമെന്ന് മനസിലാക്കേണ്ടത് ഈ ഘട്ടത്തിൽ വളരെ പ്രധാനവുമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *