റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്യമൃഗശല്യത്തെ തുടര്‍ന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം വൈകുന്നതും ഭിന്നശേഷിക്കാരന് വീല്‍ചെയര്‍ ലഭ്യമാക്കല്‍ മുതല്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവ് ബാങ്ക് നടപ്പാക്കാത്തത് വരെ പലവിധ ആവലാതികളുമായെത്തിയ നൂറ് കണക്കിന് പരാതിക്കാര്‍ക്ക് ആശ്വാസമായി ഉടുമ്പന്‍ചോല താലൂക്ക് അദാലത്ത്. 150 ഓളം സാധാരണക്കാരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്കാണ് നെടുങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ നടന്ന പരാതിപരിഹാര അദാലത്തില്‍ തീര്‍പ്പായത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിലെ ഇടുക്കി ജില്ലയിലെ നാലാമത്തെ അദാലത്താണ് നെടുങ്കണ്ടത്ത് നടന്നത്.

ഓണ്‍ലൈനായി ലഭിച്ച 226 പരാതികള്‍ കൂടാതെ 193 പുതിയ പരാതികളും അദാലത്ത് വേദിയില്‍ നേരിട്ട് ലഭിച്ചു. ഇതില്‍ 150 പരാതികള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവനും നേതൃത്വം നല്‍കിയ അദാലത്ത് അന്തിമ തീര്‍പ്പൊരുക്കി. ഓണ്‍ലൈനായി നേരത്തേ ലഭിച്ച പരാതികളില്‍ 136 അപേക്ഷകള്‍ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതായിരുന്നു. 41 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു. 12 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.ശേഷിച്ച പരാതികളില്‍ അതിവേഗം നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട് . അദാലത്ത് വേദിയില്‍ നേരിട്ട് ലഭിച്ച പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം 10 ദിവസത്തിനുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാരായ റോഷി അഗസ്റ്റിനും വി.എന്‍. വാസവനും അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കെ.എസ്. ഇ. ബി, കൃഷി, ജലസേചനം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം, ലേബര്‍, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗം, വനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്. അര്‍ബുദ രോഗിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാ സഹായം, വന്യമൃഗ ശല്യത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരം, ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ ലഭ്യമാക്കല്‍, തെരുവ് നായ ശല്യത്തിന് അറുതി വരുത്തല്‍, ക്ഷേമ പെന്‍ഷന്‍, മുന്‍ഗണന റേഷന്‍ കാര്‍ഡ്, കുടിവെള്ള ക്ഷാമം, മഴവെള്ളസംഭരണി നിര്‍മാണം, മുറിച്ചിട്ട തടികള്‍ വിട്ടു കിട്ടുന്നത്, ഭവനനിര്‍മാണ അനുമതി നിഷേധിച്ചത്, റീ സര്‍വേയിലെ അപാകതകള്‍, കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാത്തത്, കടാശ്വാസ കമ്മീഷന്‍ ഉത്തരവ് ബാങ്ക് നടപ്പാക്കാത്തത്, വീടില്ലാഞ്ഞിട്ടും ലൈഫ് പദ്ധതിയില്‍ പരിഗണിക്കാത്തത്, കൃഷിക്ക് നല്‍കിയ ആദിവാസി ഭൂമി തിരിച്ചു നല്‍കാത്തത്, അനധികൃതമായി പുരയിടത്തിലൂടെ വൈദ്യുതി പോസ്റ്റ് വലിച്ചത് മുതല്‍ പൗരത്വ അപേക്ഷ വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ പരാതികളാണ് അദാലത്തില്‍ മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം നല്‍കുന്ന പട്ടയം അടക്കം 16 പേര്‍ക്ക് മന്ത്രിമാര്‍ പട്ടയം കൈമാറിക്കൊണ്ടാണ് അദാലത്തിന് തുടക്കം കുറിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *