ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ. കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു.
ഈ മാസം 16 നു വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാണ് ഇന്നലെ വിട്ടയച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ചോദ്യംചെയ്യലിനായി കവിത ഡല്‍ഹിയിലെ ഇ.ഡി. ആസ്ഥാനത്ത് എത്തിയത്. രാത്രി എട്ടോടെയാണു മടങ്ങിയത്.
വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇ.ഡി. കവിതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച ജന്തര്‍ മന്ദിറില്‍ സംഘടിപ്പിക്കുന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ശനിയാഴ്ചത്തേയ്ക്ക് സമയം നീട്ടിനല്‍കണമെന്ന് കവിത ആവശ്യപ്പെട്ടിരുന്നു. ഇത് ഇ.ഡി. അംഗീകരിച്ചതോടെയാണ് കവിത ഇന്നലെ ചോദ്യംചെയ്യലിനായി ഹാജരായത്.
മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കവിതയ്ക്ക് ഇ.ഡി. നോട്ടീസ് നല്‍കിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി മദ്യവ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അരുണിനൊപ്പമിരുത്തി കവിതയെ ചോദ്യംചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഇ.ഡി. ഓഫീസിനു മുന്നില്‍ ഭാരത് രാഷ്ട്ര സമിതി(ബി.ആര്‍.എസ്) പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. കവിതയെ അറസ്റ്റ് ചെയ്‌തേക്കുമെന്നു സൂചന നല്‍കിയ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, വ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു.
കവിതയുടെ കുടുംബാംഗങ്ങളും ബി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാക്കളും തെലങ്കാന മന്ത്രിമാരുമുള്‍പ്പെടെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കവിതയുടെ സഹോദരനും തെലങ്കാന മന്ത്രിയുമായ കെ.ടി. രാമ റാവു കഴിഞ്ഞദിവസം രാത്രി തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന മദ്യ വില്‍പ്പനയുടെ ലൈസന്‍സ് 2021-ല്‍ സ്വകാര്യ മേഖലയ്ക്കു െകെമാറാന്‍ തീരുമാനിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കവിതയെ ഇന്നലെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു കെ. ചന്ദ്രശേഖര റാവുവിന്റെ പ്രവചനം. ആത്മവീര്യം നഷ്ടപ്പെടാതെ പോരാട്ടത്തിന് ഒരുങ്ങാന്‍ അദ്ദേഹം അണികളോട് ആഹ്വനം ചെയ്തിരുന്നു.

