കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന്, തിങ്കളാഴ്ച കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. വിഷയം 2023 മാർച്ച് 7 ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കുമെന്നാണ് വിവരം.
മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ വിഷപ്പുക നിറയുന്ന സാഹചര്യത്തിലാണ് സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി കത്ത് നൽകിയത്. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വിവിധ തദ്ദേശസ്ഥാപനങ്ങളിലെ കിന്റർ ഗാർട്ടൺ, ഡേ കെയർ സെന്ററുകൾ ഉൾപ്പെടെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജില്ലാ കളക്ടർ രേണു രാജ് മാർച്ച് 7 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.



