ബ്രാബോണ്‍: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യ മത്സരത്തില്‍ ഡല്‍ഹി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റണ്ണിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി രണ്ട് വിക്കറ്റിന് 223 റണ്ണെന്ന കൂറ്റന്‍ സ്‌കോറിലെത്തി. മറുപടി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിന് എട്ട് വിക്കറ്റിന് 163 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍ ഷെഫാലി വര്‍മയുടെ (45 പന്തില്‍ നാല് സിക്സറും 10 ഫോറുമടക്കം 84) വെടിക്കെട്ടാണു സ്‌കോര്‍ 200 ലെത്തിച്ചത്. നായികയും ഓപ്പണറുമായ മെഗ് ലാന്നിങും (43 പന്തില്‍ 14 ഫോറുകളടക്കം 72) അടിച്ചു തകര്‍ത്തു.
മാരിസാന കാപ് (17 പന്തില്‍ മൂന്ന് സിക്സറും ഫോറുമടക്കം പുറത്താകാതെ 39), ജെമീമ റോഡ്രിഗസ് (15 പന്തില്‍ പുറത്താകാതെ 22) എന്നിവരും കിട്ടിയ അവസരത്തില്‍ അടിച്ചു തകര്‍ത്തു. ഷെഫാലിയും ലാന്നിങും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ ആറ് ഓവറില്‍ തന്നെ 57 റണ്ണെടുത്തു. 33 പന്തിലാണു കൂട്ടുകെട്ട് 50 കടന്നത്. 85-ാം പന്തില്‍ സ്‌കോര്‍ 100 ലെത്തി. ലാന്നിങ് 30 പന്തിലും ഷഫാലി 31 പന്തിലും അര്‍ധ സെഞ്ചുറി കുറിച്ചു. 14-ാം ഓവറില്‍ സ്‌കോര്‍ 150 കടന്നതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൂറ്റന്‍ സ്‌കോറിലെത്തുമെന്ന് ഉറപ്പായി.
ലാന്നിങ്ങിനെ ബൗള്‍ഡാക്കി ഹീതര്‍ നൈറ്റാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. നായിക മടങ്ങുമ്പോള്‍ സ്‌കോര്‍ 162 ലെത്തിയിരുന്നു. അതേ ഓവറില്‍ തന്നെ ഷഫാലിയും പുറത്തായി. നൈറ്റിന്റെ പന്തിന്റെ ഗതി മനസിലാക്കാതെ ബാറ്റ് വച്ച ഷഫാലിയെ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് പിടികൂടി. ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും ഡല്‍ഹിയുടെ റണ്‍റേറ്റ് കുറഞ്ഞില്ല. 19-ാം ഓവറില്‍ സ്‌കോര്‍ 200 ലെത്തി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 28 പന്തില്‍ 50 കടന്നു. റോയല്‍ ചലഞ്ചേഴ്സിന്റെ മെഗാന്‍ ഷ്വറ്റ്സ് നാല് ഓവറില്‍ 45 റണ്‍ വഴങ്ങിയെങ്കിലും വിക്കറ്റെടുത്തില്ല. പ്രീതി ബോസ് നാല് ഓവറില്‍ 35 റണ്ണും ശോഭനാ ആശ രണ്ട് ഓവറില്‍ 29 റണ്ണും വിട്ടുകൊടുത്തു. മറുപടി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിനെ ടാറാ നോറിസിന്റെ അഞ്ച് വിക്കറ്റ് നേട്ടം തളര്‍ത്തി. അലീസ കാപ്സി രണ്ട് വിക്കറ്റും ശിഖാ പാണ്ഡെ ഒരു വിക്കറ്റുമെടുത്തു. നായികയും ഓപ്പണറുമായ സ്മൃതി മന്ദാന (23 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 35) നിരാശപ്പെടുത്തി. എലിസ പെറി (19 പന്തില്‍ 31), ഹീതര്‍ നൈറ്റ് (21 പന്തില്‍ രണ്ട് സിക്സറും ഫോറുമടക്കം 34), മെഗാന്‍ ഷ്വറ്റ്സ് (19 പന്തില്‍ പുറത്താകാതെ 30) എന്നിവരാണു സ്‌കോര്‍ 150 കടത്തിയത്.

