എം.ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് നോട്ടിസ്

തിരുവനന്തപുരം: എം.ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് നോട്ടിസ്. 17/02/23 വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ശിവശങ്കർ നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം വേണുഗോപാലാണ് നേരത്തെ ലോക്കർ തുറന്നത്. ഇതിൽ നിന്നും കോഴപ്പണം കണ്ടെത്തിയെന്നാണ് ഇഡി ആരോപണം.

അതേസമയം, ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് 16/02/23 വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലായിരുന്നു ഇ.ഡിയുടെ പരാതി. ഇഡി പറയുന്നത് പോലെ മൊഴി നൽകാൻ താൻ ഒരുക്കമല്ല എന്നാവർത്തിക്കുകയാണ് എം ശിവശങ്കർ.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് റിപ്പോർട്ട് ലഭിച്ചിരുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകൾ പ്രധാന തെളിവെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളും കോഴയ്ക്ക് തെളിവാണ്. അന്വേഷണത്തോട് ശിവശങ്കർ സ്വീകരിച്ചത് പൂർണ്ണ നിസ്സഹകരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശിവശങ്കറെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 5 ദിവസത്തെ കസ്റ്റഡിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന സി ബി ഐ കോടതി അനുവദിച്ചത്. തന്നെ ചോദ്യം ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു. ആവശ്യത്തിന് വൈദ്യസഹായം അനുവദിക്കണമെന്ന് ഇ ഡിക്ക് കോടതി നിർദേശം നൽകി.

Share
അഭിപ്രായം എഴുതാം