ചേര്‍ത്തല: പ്രസവം നിര്‍ത്താനുളള ശസ്ത്രക്രിയയ്ക്കായി യുവതിയില്‍നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ.കെ. രാജനാണു പിടിയിലായത്. പരാതിക്കാരിയില്‍നിന്നു പണം കൈപ്പറ്റുമ്പോള്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നതിങ്ങനെ: കടക്കരപ്പളളി സ്വദേശിനി പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കായി ഡോ. രാജനെ ആശുപത്രി ഒ.പിയില്‍ നാലുതവണ കണ്ടു. എന്നാല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍ ശസ്ത്രക്രിയ നീട്ടി. കഴിഞ്ഞ ഞായറാഴ്ച വീണ്ടുമെത്തിയ പരാതിക്കാരിയോട് അഡ്മിറ്റ് ചെയ്ത് ശസ്ത്രക്രിയ നടത്താന്‍ 2500 രൂപ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടു. ആറിന് ഉച്ചകഴിഞ്ഞ് മതിലകത്ത് ഡോക്ടറുടെ ഭാര്യവീടിനോടു ചേര്‍ന്ന സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തില്‍ തുക എത്തിക്കാനായിരുന്നു നിര്‍ദേശം.
പരാതിക്കാരി ഈ വിവരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖലാ സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് ജില്ലാ യൂണിറ്റ് ഡിെവെ.എസ്.പി. ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ ഡോക്ടറെ പിടികൂടുകയായിരുന്നു. സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ജി. സുനില്‍കുമാര്‍, ആര്‍. രാജേഷ് കുമാര്‍, എം.കെ. പ്രശാന്ത് കുമാര്‍, എസ്.ഐമാരായ സ്റ്റാന്‍ലി തോമസ്, സത്യപ്രഭ എന്നിവരും ഉണ്ടായിരുന്നു. രാജനെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

