റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രബന്ധവിവാദം: സര്‍വകലാശാലയ്ക്ക് മൗനം

January 31, 2023 - 10:16 pm

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിലെ പിഴവുകള്‍ വിവാദമായിട്ടും പ്രതികരിക്കാതെ കേരള സര്‍വകലാശാല. ചിന്തയുടെ ശമ്പളക്കുടിശിക വിവാദം കെട്ടടങ്ങും മുമ്പാണ് ഗവേഷണ പ്രബന്ധത്തിലെ തെറ്റുകള്‍ ചര്‍ച്ചയായത്. പ്രബന്ധത്തില്‍ വാഴക്കുലയുടെ രചയിതാവായി ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയെന്ന് തെറ്റിച്ചെഴുതിയതാണ് ആദ്യം വിവാദമായത്. ” നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ” എന്നതായിരുന്നു ഗവേഷണ വിഷയം. പ്രബന്ധത്തിലെ പലഭാഗങ്ങളും കോപ്പിയടിച്ചതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബോധി കോമണ്‍സ് എന്ന വെബ്സൈറ്റില്‍ 2010ല്‍ പ്രസിദ്ധീകരിച്ചലേഖനത്തിലെ ആശയവും ആ ലേഖനത്തില്‍ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയത് അതേപടിയും ചിന്ത തീസിസില്‍ പകര്‍ത്തിയെന്നാണ് ആക്ഷേപം. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഇതു സംബന്ധിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കി. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചത്.

2021 ല്‍ സര്‍വകലാശാല ഇതിന് പിഎച്ച്.ഡി നല്‍കുകയായിരുന്നു. ഡോ. അജയകുമാറും വിവാദത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയും സര്‍വകലാശാലയ്ക്കു മുന്നിലുണ്ട്. യുവജന കമ്മിഷന്‍ അധ്യക്ഷയുടെ പിഎച്ച്.ഡി. പ്രബന്ധത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലാ ആസ്ഥാനത്തേക്കു യുത്ത് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി. വാഴക്കുലയുമായിട്ടായിരുന്നു പ്രകടനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *