കൊല്ലം: മകളോടു അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്തതിനെത്തുടര്‍ന്നു മദ്യപസംഘത്തിന്റെ മര്‍ദനത്തില്‍ മനംനൊന്തു ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാരായ നാലു പേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആയൂര്‍ അകമണ്‍ ലക്ഷം വീട്ടില്‍ ഷംലാ മന്‍സിലില്‍ മുഹമ്മദ് ഫൈസല്‍ (42), മഞ്ഞപ്പാറ മലപ്പേരൂര്‍ തെക്കതില്‍ മേലതില്‍ വീട്ടില്‍ മോനിഷ് മോഹന്‍ (29), മഞ്ഞപ്പാറ മലപ്പേരൂര്‍ തടത്തില്‍ ചരുവിള വീട്ടില്‍ നൗഫല്‍( 30), ഇടുക്കി പുഷ്പഗിരി എം.കെ. പടിയില്‍ വള്ളിക്കെട്ടില്‍ സ്വദേശിയും ഉമ്മന്നൂര്‍ വേങ്ങൂര്‍ രേഷ്മ ഭവനില്‍ താമസക്കാരനുമായ ആന്‍സന്‍ വി. വര്‍ഗീസ് (28)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം ആയൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നവരാണ്. ആയൂര്‍ പെരുങ്ങള്ളൂര്‍ പെരുവരത്തു വീട്ടില്‍ അജികുമാറാ(48)ണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ പതിനെട്ടിന് ട്യൂഷന്‍ കഴിഞ്ഞെത്തിയ മകളുമായി വീട്ടിലേക്കു പോകുന്നതിനിടെയാണു നാലു പേരടങ്ങിയ സംഘം അജികുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജികുമാര്‍ സംഘത്തെ ചോദ്യം ചെയ്തു. ഇതോടെ മദ്യപസംഘം അജികുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കണ്ണിനും മുഖത്തും പരുക്കേറ്റു. പോലീസില്‍ കേസ് നല്‍കാനും പരാതിപ്പെടാനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദിക്കുമോയെന്നു ഭയന്നു പരാതിപ്പെടാന്‍ അജികുമാര്‍ തയാറായില്ല. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം രാത്രി ഒന്‍പതോടെയാണു വീടിനു പിന്നിലെ ഷെഡില്‍ അജികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അജികുമാറിന്റ മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി.