മൂത്രവിവാദം: എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ

ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തു മദ്യപന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്കു 30 ലക്ഷം രൂപ പിഴയും പൈലറ്റിനു സസ്‌പെന്‍ഷനും. പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്കാണു മരവിപ്പിച്ചത്. സംഭവം യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായ വീഴ്ചയുടെ പേരില്‍ വ്യോമയാന ഡയറക്ടര്‍ ജനറലാ(ഡി.ജി.സി.എ)ണു ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിക്കെതിരേ നടപടിയെടുത്തത്.

2022 നവംബര്‍ 26-നു ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലുണ്ടായ സംഭവം ജനുവരി നാലിനു മാത്രമാണു ഡി.ജി.സി.എയുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം നടന്ന് പിറ്റേന്നുതന്നെ യാത്രക്കാരി എയര്‍ ഇന്ത്യ ചെയര്‍മാനു പരാതി അയച്ചിരുന്നു. എന്നാല്‍, കമ്പനി പോലീസില്‍ പരാതിപ്പെട്ടതു ജനുവരി നാലിനാണ്. ഇരുയാത്രക്കാരും ഒത്തുതീര്‍പ്പിലെത്തിയെന്നു കരുതിയതിനാലാണു പോലീസില്‍ പരാതിപ്പെടാന്‍ വൈകിയതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. പരാതി ലഭിച്ച് രണ്ടുദിവസത്തിനകം ഡല്‍ഹി പോലീസ് ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം