സച്ചിന്‍ പൈലറ്റ് കൊറോണ വൈറസെന്നു ഗെലോട്ട്

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, കോണ്‍ഗ്രസിനു തലവേദനയായി രാജസ്ഥാനില്‍ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് വീണ്ടും മൂര്‍ഛിക്കുന്നു. സച്ചിനെ മുഖ്യമന്ത്രി ഗെലോട്ട് ‘കൊറോണ വൈറസ്’ എന്നു വിശേഷിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. രാഷ്ട്രീയത്തില്‍ സംയമനം പ്രധാനമാണെന്നും ബഹുമാനം നല്‍കിയാലേ അത് തിരിച്ചുകിട്ടൂവെന്നും സച്ചിന്‍ തിരിച്ചടിച്ചു.

”ഞാനിപ്പോള്‍ യോഗങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. നേരത്തേ കൊറോണയായിരുന്നല്ലോ. നമ്മുടെ പാര്‍ട്ടിയിലും ഒരു വലിയ കൊറോണ കടന്നുകൂടിയിട്ടുണ്ട്” എന്നായിരുന്നു ഗെലോട്ടിന്റെ വിവാദപരാമര്‍ശം.
ബുധനാഴ്ച എംപ്ലോയീസ് യൂണിയന്‍ പ്രതിനിധികളുമായി ഗെലോട്ട് നടത്തിയ പ്രീ-ബജറ്റ് കൂടിക്കാഴ്ചയുടെ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സച്ചിനെതിരേ ഗെലോട്ടിന്റെ പരിഹാസം ഇതാദ്യമായല്ല. നേരത്തേ അദ്ദേഹത്തെ ചതിയനെന്നും പ്രയോജനമില്ലാത്തവനെന്നുമൊക്കെ ഗെലോട്ട് പരസ്യമായി ആക്ഷേപിച്ചിരുന്നു. ലോകമെങ്ങും കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020-ലാണു ഗെലോട്ടിനെതിരേ കലാപക്കൊടിയുയര്‍ത്തി സച്ചിന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചത്. സര്‍ക്കാരിനെതിരായ പൈലറ്റിന്റെ തുടര്‍ച്ചയായ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഗെലോട്ടിന്റെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്നു സംസ്ഥാനത്ത് പി.എസ്.സി. പരീക്ഷകള്‍ മാറ്റിവച്ചതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് സച്ചന്‍ പൈലറ്റ് നടത്തുന്നത്. 2018 ഡിസംബറില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍ ഗെലോട്ടും പൈലറ്റും തമ്മില്‍ അധികാര തര്‍ക്കത്തിലായിരുന്നു. 2020 ലെ വിമതനീക്കത്തിനു പിന്നാലെ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നടക്കം നീക്കം ചെയ്തായിരുന്നു ഗെലോട്ടിന്റെ തിരിച്ചടി.

അതേസമയം, പാര്‍ട്ടി റാലിയില്‍ പ്രസംഗിക്കവേയാണു ഗെലോട്ടിന്റെ പേര് പരാമര്‍ശിക്കാതെ സച്ചിന്‍ മറുപടി നല്‍കിയത്. ”ഞാന്‍ കേള്‍ക്കാനാഗ്രഹിക്കാത്ത വാക്കുകള്‍ എന്റെ എതിരാളികള്‍ക്കെതിരേ ഞാനും പ്രയോഗിക്കാറില്ല. സ്വന്തം നാവ് സ്വയം നിയന്ത്രിക്കുകയാണു വേണ്ടത്. അധിക്ഷേപം ചൊരിയാന്‍ എളുപ്പമാണ്. പക്ഷേ, പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാനാവില്ല. ഞാന്‍ വ്യക്തിപരമായി ആരെയും ആക്രമിക്കാറില്ല. ബഹുമാനം കൊടുത്താല്‍ നിങ്ങള്‍ക്കത് തിരിച്ചുകിട്ടും” സച്ചിന്‍ പറഞ്ഞു. ഭാരതത്തെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്രയുടെ സമാപനം 30-നു ജമ്മുകശ്മീരില്‍ കെങ്കേമമാക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുമ്പോഴാണു രാജസ്ഥാനിലെ പ്രധാനനേതാക്കള്‍ തമ്മിലടി തുടരുന്നത്.

Share
അഭിപ്രായം എഴുതാം