റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നാലുപേര്‍ അറസ്റ്റില്‍

January 18, 2023 - 8:22 pm

കോഴിക്കോട്: അപകടത്തില്‍പെട്ട കാറില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന രണ്ടു പേരുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിപ്പിലിത്തോട് തടത്തരികത് അസറുദ്ധീന്‍ (28), അടിവാരം പിലാകുന്നുമ്മല്‍ സഫ്‌നാസ് (30), താമരശ്ശേരി കല്ലാരംകാട്ടില്‍ റിയാസ് (32), അടിവാരം വലിയവീട്ടില്‍ ആഷിക് (24) എന്നിവരാണ് പിടിയിലായത്. അപകടത്തില്‍ സഫ്‌നാസ്, അസറുദ്ദീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചശേഷം മുങ്ങിയ ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി മൂഴിക്കല്‍ പാലത്തിനടുത്തായിരുന്നു അപകടം. അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന ഇരുവരെയും ചേവായൂര്‍ പോലീസ് എസ്.ഐ. നിമിന്‍ കെ. ദിവാകറും നാട്ടുകാരും സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഉടന്‍ രണ്ടുപേരും ഇവിടെനിന്നു മുങ്ങി. ഇതു പോലീസില്‍ സംശയമുണര്‍ത്തി.

തുടര്‍ന്ന് കാര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഒന്നരകോടിയോളം വിലവരുന്ന 19.700 കിലോഗ്രാം കഞ്ചാവ് കെ.എല്‍. 10 എ.കെ. 6431 കാറില്‍ കണ്ടെത്തി. പിന്‍സീറ്റിനുള്ളില്‍ മൂന്നു കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ 11 പൊതികളിലായി അതീവരഹസ്യമായി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. ഇരുവരും സ്വകാര്യ ആശുപത്രിയിലെത്തിയ വിവരം അറിഞ്ഞതോടെ ടൗണ്‍ പോലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്ന് സഫ്‌നാസിന്റെ ആരാമ്പ്രത്തെ വീട്ടില്‍ സൂക്ഷിച്ച 5.4 കി.ഗ്രാം കഞ്ചാവുകുടി ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. 500 ഗ്രാം എം.ഡി.എം.എയുമായി കരിപ്പൂര്‍ പോലീസ് മുഹമ്മദ് അസറുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടുവര്‍ഷം തടവനുഭവിച്ചിട്ടുമുണ്ട്. നാലു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. പോലീസ് പിടിയിലാകാതിരിക്കാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മുങ്ങിയ പ്രതികള്‍ ബീച്ച് ആശുപത്രിയിലാണ് ആദ്യഘട്ടത്തില്‍ ചികിത്സക്ക് ശ്രമിച്ചത്. എന്നാല്‍ ഇവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലും ഇവര്‍ ചികിത്സക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മറ്റു കുട്ടാളികളായ താമരശ്ശേരി പരപ്പന്‍പൊയില്‍ കല്ലാരംകെട്ടില്‍ റിയാസ്, അടിവാരം നൂറംന്തോട് വലിയവീട്ടില്‍ ആഷിഖ് എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ അപകടത്തില്‍പെട്ട കാറില്‍നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുപോകാനും നീക്കം നടത്തിയിരുന്നു. കെട്ടിടത്തില്‍നിന്ന് വീണു പരുക്കേറ്റെന്നുപറഞ്ഞാണ് മുഹമ്മദ് അസറുദ്ദീന്‍ ഗോവിന്ദപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *