റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരപ്പനങ്ങാടി: വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട് വിവാഹമോചിതയായ സ്ത്രീയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂര്‍ സ്വദേശിയായ യുവാവിനെ വിവാഹംചെയ്യാന്‍ സന്നദ്ധയാണ് എന്നറിയിച്ച് പല ഘട്ടങ്ങളിലായി മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്ത പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അദ്‌നാന്‍(31) എന്ന യുവാവാണ് അറസ്റ്റിലായത്.
ഏഴുമാസം മുമ്പാണ് അരിയല്ലൂര്‍ സ്വദേശി അനഘ എന്നു പേരുള്ള പെണ്‍കുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തത്. ഒരേ സമയം അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്ത് മുഹമ്മദ് അദ്‌നാന്‍ ആയും രണ്ടു വേഷങ്ങളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. പെണ്‍കുട്ടി ഒരിക്കലും നോര്‍മല്‍ കോള്‍ വിളിക്കുകയോ വോയ്‌സ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അനഘയാണെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചുനല്‍കുകയായിരുന്നു. പ്രണയമായി മാറിയ യുവാവ് ഈ കുട്ടിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് കാണുന്നതിനുമായി എട്ടു തവണ പെരിന്തല്‍മണ്ണയില്‍ എത്തി.

വിവാഹം കഴിക്കാന്‍ പോകുന്ന ഈ സ്ത്രീയെ കാണുന്നതിനായി ഇയാളുടെ സഹോദരിമാരെ വരെ പെരിന്തല്‍മണ്ണയിലേക്കു കൊണ്ടുപോയിരുന്നു. തുടര്‍ന്നാണ് ചതിയില്‍പെട്ടോ എന്ന സംശയത്തിന്റെ പേരില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതിനു പിന്നില്‍ പെരിന്തല്‍മണ്ണ സ്വദേശിയാണ് എന്ന് മനസിലാവുകയും പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് കെ. ജോണ്‍, ജയദേവന്‍, സിവില്‍ പോലീസ് ഓഫീസര്‍ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ സമാനമായ കേസുകള്‍ പലയിടങ്ങളില്‍ ചെയ്തതായും ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇനിയും പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നു പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *