കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിന് രൂക്ഷവിമര്‍ശനം. എറണാകുളം ഡി.സി.സിയില്‍ ചേര്‍ന്ന യോഗത്തിലാണു ഷാഫിയുടെ സമീപകാലപ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചത്.
സര്‍ക്കാരിനെതിരായി സമരങ്ങള്‍ നടത്തുന്നില്ലെന്നും രാഷ്ട്രീയപരമായ പ്രസ്താവനകള്‍ പോലും ഇറക്കാന്‍ വിമുഖത കാണിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണു സംസ്ഥാന ഭാരവാഹികള്‍ ഉയര്‍ത്തിയത്. എ.കെ ആന്റണിയുടെ ഭൂരിപക്ഷ സമുദായ പ്രസ്താവനയില്‍ രാഷ്ട്രീയ നിലപാടെടുക്കാന്‍പോലും ഷാഫിക്ക് കഴിഞ്ഞില്ല. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്ന് വികാരാധീനനായി ഷാഫി അറിയിച്ചു.
ആമയെ പോലെ തല ഉള്ളിലിട്ടിരുപ്പാണു സംസ്ഥാന പ്രസിഡന്റെന്ന ഒരു സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. രണ്ട് സംസ്ഥാന ഭാരവാഹികളുടെ സംസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടും അതിനു തയാറാകാതിരുന്ന ഷാഫിയുടെ നിലപാടിനെതിരേ യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി. ഇതു കൈയാങ്കളിയോളമെത്തിയെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.ശശി തരൂരിന്റെ ജനപിന്തുണ അംഗീകരിച്ചേ തീരുവെന്ന് സംസ്ഥാന നേതാക്കള്‍ നിലപാടെടുത്തു.പല ഡി.സി.സി പ്രസിഡന്റുമാരും യൂത്ത് കോണ്‍ഗ്രസ് പരിപാടികളില്‍ അനാവശ്യ കൈകടത്തല്‍ നടത്തുകയാണെന്ന് ഒന്നിലേറെ ജില്ലകളില്‍നിന്നുള്ള ഭാരവാഹികള്‍ പരാതിപ്പെട്ടു.