ചാരുംമൂട് (മാവേലിക്കര): ചാരുംമൂട് കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ കരമന സ്വദേശി ഷംനാദിന്റെ സഹായി അറസ്റ്റില്‍. തിരുവനന്തപുരം തമ്പാനൂര്‍ ചെങ്കല്‍ചൂള രാജാജി നഗറില്‍ രത്തിനം ബാബു(46)വാണ് അറസ്റ്റിലായത്. നൂറനാട് സി.ഐ: പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘം ചെങ്കല്‍ചൂളയില്‍നിന്നാണ് തമിഴ്‌നാട് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഒരു സ്ത്രീ ഉള്‍പ്പെടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഷംനാദിന്റെ ടാക്‌സി കാര്‍ ഓടിച്ചിരുന്ന രത്തിനം പിന്നീടു സഹായി ആകുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ”കള്ളനോട്ട് പ്രിന്റ് ചെയ്തിരുന്ന ലോഡ്ജുകള്‍, വാടക വീടുകള്‍ എന്നിവിടങ്ങളില്‍ രത്തിനം സഹായിയായി ഉണ്ടായിരുന്നു. നോട്ടുകള്‍ കൈമാറുന്നതിനു ഡ്രൈവറായും ഇയാള്‍ പ്രവര്‍ത്തിച്ചു. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും നടത്തും”-പോലീസ് പറഞ്ഞു.



