തൊഴിൽസഭ: നൈപുണ്യ പരിശീലനത്തിന് വൈഭവ് വടക്കാഞ്ചേരി

തൊഴിൽസഭയിൽ പങ്കെടുത്തവർക്കായി വടക്കാഞ്ചേരി നഗരസഭ ഒരുക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. വൈഭവ് വടക്കാഞ്ചേരി എന്ന പേരിൽ അസാപ്പിന്റെ കൂടി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

 ഒക്ടോബർ 22 മുതൽ നഗരസഭ നടത്തിയ തൊഴിൽസഭകളിൽ പങ്കെടുത്തവരുടെ പ്രധാന ആവശ്യം വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനം,  അഭിമുഖങ്ങളിൽ പങ്കെടുക്കുവാനുള്ള വ്യക്തിത്വ വികസന പരിശീലനം , ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനം  എന്നിവ ലഭ്യമാക്കണമെന്നതായിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശീലനം.

മത്സരപരീക്ഷയിൽ  20 മണിക്കൂർ, വ്യക്തിത്വ വികസനത്തിൽ 24 മണിക്കൂർ, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തിൽ  80 മണിക്കൂർ എന്നിങ്ങനെയാണ് പരിശീലനം നൽകുക. പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബ്രിട്ടീഷ് കൗൺസിൽ നൽകുന്ന ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ സാക്ഷ്യപത്രം, അസാപ്പ് കേരളയുടെ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ  ലഭിക്കും. പരിശീലനം സൗജന്യമാണ്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടി അസാപ്പുമായി ചേർന്ന് ഒരു  തദ്ദേശ സ്വയംഭരണ സ്ഥാപനം നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് തൊഴിൽസഭക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഒരു വഴികാട്ടി ആയിരിക്കും വടക്കാഞ്ചേരി നഗരസഭയുടെ ഉദ്യമം എന്ന് അധികൃതർ അറിയിച്ചു. 6 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 

വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ വടക്കാഞ്ചേരി ബോയ്സ് സ്കൂളിൽ  നടന്ന  ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ സ്വാഗതം ആശംസിച്ചു.   സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജമീലാബി , വാർഡ് കൗൺസിലർ  സന്ധ്യ കെ എന്നിവർ ആശംസകളർപ്പിച്ചു. അസാപ്പിന് വേണ്ടി പാലക്കാട്  ജില്ല കോഓർഡിനേറ്റർ അനീഷ് വിജയൻ പദ്ധതി വിശദീകരണം നടത്തി.  നഗരസഭ സെക്രട്ടറി കെ കെ മനോജ് നന്ദി പറഞ്ഞു.

Share
അഭിപ്രായം എഴുതാം