റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കോട്ടയത്ത് അഞ്ജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷമാണ് വി മുരളീധരൻ ഇക്കാര്യം ഫറഞ്ഞത്. മാതാപിതാക്കൾക്കാണ് ഇക്കാര്യത്തിൽ മന്ത്രി ഉറപ്പുനൽകിയത്.

ബ്രിട്ടനിലെ പോലീസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്നും തുടർന്ന് വേഗത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും എന്നും മന്ത്രി അറിയിച്ചു. 2022 ഡിസംബർ മാസം 15നാണ് ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുന്ന അഞ്ജുവിനെയും രണ്ടു മക്കളെയും ഭർത്താവ് സാജു കൊന്നത്. മൂന്ന് മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ 30 ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. ഇതിനായി അഞ്ജുവിന്റെ കുടുംബം സുമനസുകളുടെ സഹായം തേടിയിരുന്നു.

വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍, അഞ്ജു രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു.

കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. പിന്നാലെ അഞ്ജുവിന്റെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അ‍ഞ്ജുവിന്റെ പിതാവ് പറഞ്ഞു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പറഞ്ഞു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് അറിവില്ല.

പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇതിനു പിന്നാലെയെത്തിയ ദുരന്ത വാര്‍ത്തയ്ക്കു പിന്നിലെ കാരണം എന്തെന്നറിയാതെ സങ്കടപ്പെടുകയാണ് കുടുംബാംഗങ്ങളും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *