വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റിയാനോ

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റു പുറത്തായതിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലാണു വിരമിക്കല്‍ സൂചന നല്‍കിയത്. പോര്‍ചുഗലിനായി ലോകകപ്പ് നേടുകയെന്നതു കരിയറിലെ വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്ന് ക്രിസ്റ്റിയാനോ കുറിച്ചു. രാജ്യത്തിനായി ലോകകപ്പ് കിരീടം നേടുകയെന്നത് വലിയ സ്വപ്നമായിരുന്നുവെന്നും അതിനായി മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും സാക്ഷാത്കരിക്കാന്‍ സാധിച്ചില്ലെന്നും കുറിച്ച ക്രിസ്റ്റിയാനോ ഇതുവരെ നല്‍കിയ പിന്തുണകള്‍ക്കെല്ലാം നന്ദിയും പറഞ്ഞു.

”അത് ഒരു വലിയ സ്വപ്നമായിരുന്നു. പോര്‍ചുഗലിനായി ഒരു ലോകകപ്പ് നേടുകയായിരുന്നു സ്വപ്നം. അതിനായി പൊരുതി. 16 വര്‍ഷം അഞ്ചു ലോകകപ്പുകളിലായി ആ സ്വപ്നത്തിനു പിന്നാലെ പോയെങ്കിലും സാധിച്ചില്ല. നിരവധി ലോകോത്തര താരങ്ങള്‍ ഒപ്പം പൊരുതി. പോര്‍ചുഗല്‍ ആരാധകര്‍ നിസീമമായ പിന്തുണ നല്‍കി. സ്വപ്നത്തില്‍ നിന്നൊരിക്കലും ഞാന്‍ പിന്നോക്കം പോയിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ എല്ലാം അവസാനിച്ചു- താരം തുടര്‍ന്നു. പോര്‍ചുഗലിനോടുള്ള ആത്മസമര്‍പ്പണം ഒരിക്കലും അവസാനിക്കുകയില്ലെന്നു നിങ്ങളെ അറിയിക്കുന്നു. ഇനി ഒരു നല്ല ഉപദേശകനായിരിക്കും. ഓരോരുത്തരും അവവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരട്ടെ- കുറിപ്പ് അവസാനിപ്പിക്കുന്നു. മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ചുഗല്‍ തോറ്റത്. കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ക്രിസ്റ്റിയാനോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മത്സരത്തിന്റെ 51-ാം മിനിറ്റില്‍ റൂബന്‍ നെവസിനു പകരക്കാരനായി ഇറങ്ങി. പക്ഷേ താരത്തിനു മൊറോക്കന്‍ ഗോള്‍ വലയത്തിലേക്ക് ഒരു തവണ പോലും ഷോട്ട് പായിക്കാനായില്ല.

Share
അഭിപ്രായം എഴുതാം