അഫ്ഗാനിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പാര്‍ക്കുകളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. കുട്ടികള്‍ക്കൊപ്പം പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് അമ്മമാര്‍ക്കും നിരോധനമുണ്ട്. നേരത്തെ നീന്തല്‍ക്കുളങ്ങളിലും ജിമ്മുകളിലും സ്ത്രീ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അധികാരത്തിലേറിയതിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ഇതു പുനഃപരിശോധിക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ല. സര്‍വകലാശാലകളില്‍ പത്രപ്രവര്‍ത്തനം അടക്കമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.

സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധവും കരുത്താര്‍ജിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച സരിഫ യാഘൗബിയെയും മൂന്നു സഹപ്രവര്‍ത്തകരെയും ആഴ്ചകള്‍ക്കു മുമ്പ് താലിബാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എന്‍. അടക്കം ആവശ്യപ്പെട്ടിട്ടും ഇവരെ മോചിപ്പിച്ചില്ല. അവര്‍ ജീവനോടെയുണ്ടോയെന്നു പോലും ബന്ധുക്കള്‍ക്ക് അറിയില്ല. തങ്ങളുടെ ഭരണത്തില്‍ സ്ത്രീകള്‍ സംതൃപ്തരാണെന്നു താലിബാന്‍ വക്താവ് മുഹമ്മദ് അകിഫ് മുജാഹിര്‍ പറഞ്ഞു. കഴിഞ്ഞ 15 മാസം പാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ അനുമതി നല്‍കി. ആ അവസരം അവര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. തട്ടം അണിയണമെന്ന നിര്‍ദേശം പലരും പാലിച്ചില്ല.

പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ദിവസങ്ങള്‍ അനുവദിച്ചു. അതും പാലിക്കപ്പെട്ടില്ല. ആ സാഹചര്യത്തിലാണു നിയന്ത്രണം. ഭരണത്തെ ചോദ്യം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതു നല്‍കാനായി സ്ഥാപിച്ചിരിക്കുന്ന പെട്ടികളില്‍ അതു നിക്ഷേപിക്കാം – അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം