കൊച്ചി: പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പാലിക്കേണ്ടതായ ചട്ടങ്ങളുടെ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നതായി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ) യുടെ പഠനം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലംഘനങ്ങള്‍ക്കെതിരേ ലഭിച്ച പരാതികളില്‍ 14% വര്‍ധനയുണ്ടായതായി.
എ.എസ്.സി.ഐ പുറത്തിറക്കിയ അര്‍ധവാര്‍ഷിക കംപ്ലയിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ചടി, ടി.വി, ഹോര്‍ഡിങ്, എസ്.എം.എസ്, ഇമെയിലേഴ്‌സ്, ഇന്റര്‍നെറ്റ്, വെബ്‌സൈറ്റ്, പ്രോഡക്ട് പാക്കേജിങ്, ബ്രോഷേഴ്‌സ്, പ്രൊമോഷണല്‍ മെറ്റിരിയല്‍സ്, പോയിന്റ് ഓഫ് സെയില്‍സ് മെറ്റിരിയല്‍സ് തുടങ്ങിയ പരസ്യങ്ങളിലെ സത്യസന്ധതയും സുതാര്യതയും നിരീക്ഷിക്കുന്ന ഏജന്‍സിയാണ് എ.എസ്.സി.ഐ.
കഴിഞ്ഞ അര്‍ദ്ധവര്‍ഷ കാലയളവില്‍ കോഡിങ് വീഴ്ച വരുത്തിയതിനു 2764 പരസ്യങ്ങള്‍ക്കെതിരേ 3340 പരാതി ലഭിച്ചു. മുന്‍വര്‍ഷം ഇത് 2870 ആയിരുന്നു. ആകെ കിട്ടിയ പരാതികളില്‍ 55% ഡിജിറ്റല്‍ മീഡിയയിലും 39% അച്ചടി മാധ്യമങ്ങളിലും, 5% ടെലിവിഷന്‍ ചാനലുകളിലും പ്രസീദ്ധികരിച്ച പരസ്യങ്ങള്‍ക്കെതിരേ ആയിരുന്നുവെന്ന് എ.എസ്.സി.ഐയുടെ സി.ഇ.ഒയും സെക്രട്ടറി ജനറലുമായ മനീഷ കപൂര്‍ പറഞ്ഞു