മൗണ്ട് മൗന്‍ഗാനുയി: ന്യൂസിലന്‍ഡിനെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 65 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 191 റണ്ണെടുത്തു.മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 126 റണ്ണെടുത്തു. ട്വന്റി20 കരിയറിലെ രണ്ടാം സെഞ്ചുറിയടിച്ച സൂര്യകുമാര്‍ യാദവ് (51 പന്തില്‍ ഏഴ് സിക്സറും 11 ഫോറുമടക്കം പുറത്താകാതെ 111), 2.5 ഓവറില്‍ 10 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ദീപക് ഹൂഡ എന്നിവരാണു വിജയ ശില്‍പ്പികള്‍.
മൂന്ന് ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലായി. ഒന്നാം ട്വന്റി20 മഴ മൂലം ഉപേക്ഷിച്ചു. ചൊവ്വാഴ്ച നേപിയറില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു പരമ്പര നേടാം. സൂര്യകുമാറാണു മത്സരത്തിലെ താരം. സൂര്യയെ കൂടാതെ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (31 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 36) മികച്ച പ്രകടനം പുറത്തെടുത്തു.
ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ റണ്ണെടുക്കാതെ പുറത്തായി. ഋഷഭ് പന്ത് (ആറ്), ശ്രേയസ് അയ്യര്‍ (13), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 13) എന്നിവരും നിരാശപ്പെടുത്തി. 32 പന്തില്‍ 50 റണ്ണെടുത്ത സൂര്യ 49 പന്തില്‍ നൂറും കടന്നു. ന്യൂസിലന്‍ഡിനു വേണ്ടി ടിം സൗത്തി ഹാട്രിക്ക് വിക്കറ്റെടുത്തു. അവസാന ഓവറില്‍ പാണ്ഡ്യ, ഹൂഡ, വാഷിങ്ടണ്‍ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കാന്‍ സൗത്തിക്കായി. ന്യൂസിലന്‍ഡിനു വേണ്ടി നായകന്‍ കെയ്ന്‍ വില്യംസണ്‍ (52 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 61) ടോപ് സ്‌കോററായി. യുസ്വേന്ദ്ര ചാഹാല്‍ൗ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.



