കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി. ഗോവയെ 3-1 നാണ് അവര്‍ തോല്‍പ്പിച്ചത്.
പത്ത് മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോവയെ തോല്‍പ്പിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണു ബ്ലാസ്‌റ്റേഴ്‌സ് അവസാനം ഗോവയെ തോല്‍പ്പിക്കുന്നത്. അഞ്ച് കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് നേടിയ ഗോവ മൂന്നാമതും ആറ് കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തുമാണ്. ബ്ലാസ്‌റ്റേഴ്‌സിനായി അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയാമാന്റാകോസ്, ഇവാന്‍ കല്യൂഷ്‌നി എന്നിവര്‍ ഗോളടിച്ചു. നോഹ സദൗയിയാണു ഗോവയ്ക്കു വേണ്ടി ഒരു ഗോള്‍ മടക്കിയത്. കളിയുടെ 65 ശതമാനം സമയത്തും പന്ത് ഗോവന്‍ താരങ്ങളുടെ പക്കലായിരുന്നു. ഇവാന്‍ വുകുമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ 4-4-2 ഫോര്‍മേഷനിലാണു കളിപ്പിച്ചത്. ദിമിത്രിയോസും ലൂണയും മുന്നില്‍നിന്നു. ഗോവ കോച്ച് കാര്‍ലോസ് പെന ആല്‍വാരോ വാസ്‌ക്വസിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനിലാണ് കൊച്ചിയിലെത്തിയത്. രണ്ട് ടീമുകളും ആക്രമിച്ചു കളിച്ചതിനാല്‍ പരുക്കന്‍ അടവുകളും കണ്ടു.
ആറാം മിനിറ്റില്‍ ഗോവയുടെ ഐകര്‍ തൊടുത്ത ലോങ് റേഞ്ചര്‍ പുറത്തേക്കു പോയി. തൊട്ടടുത്ത നിമിഷം രാഹുല്‍ ഗോവ ഡിഫന്‍സിനെ സമ്മര്‍ദ്ദത്തിലാക്കി. പത്താം മിനിറ്റില്‍ ഗാര്‍സിയയുടെ ഗോളെന്നുറച്ച ഷോട്ട് പ്രഭ്‌സുഖന്‍ ഗില്‍ തടഞ്ഞു. കൂടുതല്‍ മുന്നേറ്റങ്ങള്‍ ആതിഥേയരാണു മെനഞ്ഞത്. ദിമിത്രിയോസിന്റെ ഒരു ക്രോസും ഒരു ഷോട്ടും ഗോവന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ മികവ് വലയില്‍ കയറിയില്ല. 42-ാം മിനിറ്റില്‍ രാഹുലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ പ്രത്യാക്രമണം ഗോളായി മാറി. വലതു വിങ്ങിലൂടെ രാഹുല്‍ നടത്തിയ കുതിപ്പും ക്രോസും നേരിടുന്നതില്‍ ഗോവന്‍ പ്രതിരോധത്തെ ഞെട്ടിച്ചു. ക്രോസ് ലഭിച്ച സഹല്‍ അബ്ദുള്‍ സഹദ് ലൂണയ്ക്കു നല്‍കി.
ലൂണയുടെ ടാപിന്‍ വലയിലേക്ക്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ദിമിത്രിയോസ് പെനാല്‍റ്റി ഗോളാക്കി. ഗോവന്‍ ബോക്‌സില്‍ അന്‍വര്‍ അലി താരത്തെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. ദിമിത്രിയോസിന്റെ സ്‌പോട്ട് കിക്ക് പോസ്റ്റിന്റെ വലതു മൂലയിലേക്കു പറന്നിറങ്ങി. 52-ാം മിനിറ്റില്‍ മൂന്നാം ഗോളുമെത്തി. ദിമിത്രിയോസിന്റെ പാസ് ഇവാന് കിട്ടുമ്പോള്‍ ഗോവക്കാര്‍ അപകടം മണത്തില്ല. കല്യൂഷ്‌നി 30 വാര അകലെനിന്നു തൊടുത്ത ഇടം കാലന്‍ ഷോട്ട് ഗോള്‍ കീപ്പറുടെ തലയ്ക്കു മുകളിലൂടെ വലയില്‍ കയറി. കല്യൂഷ്‌നിയുടെ സീസണിലെ നാലാം ഗോളായിരുന്നു അത്.
ഗോവയുടെ നിരന്തര ആക്രമണങ്ങള്‍ക്ക് 67-ാം മിനിറ്റില്‍ ഫലമുണ്ടായി. സെറിറ്റിന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസിനെ ഹെഡ് ചെയ്താണു സദോയി ഒരു ഗോള്‍ മടക്കിയത്. അതിനു മുമ്പ് വാസ്‌കസ് ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ സൈഡായി.



