ദോഹ: അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. ഖത്തര്‍ ലോകകപ്പ് കരിയറിലെ അവസാന രാജ്യാന്തര ടൂര്‍ണമെന്റായിരിക്കുമെന്ന സൂചന ആവര്‍ത്തിക്കുകയായിരുന്നു നെയ്മര്‍. ബ്രസീല്‍ കോച്ച് ടിറ്റെ ഖത്തര്‍ ലോകകപ്പോടെ സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കോച്ചിനു തന്നെ താല്‍പര്യപ്പെടണമെന്നില്ല. അതുകൊണ്ടു തന്നെ 2026 ല്‍ ബ്രസീലിനു വേണ്ടി കളിക്കാമെന്ന പ്രതീക്ഷയുമില്ലെന്ന് 30 വയസുകാരനായ നെയ്മര്‍ പറഞ്ഞു. റോബര്‍ട്ടോ ഫിര്‍മിനോയുടെ അഭാവത്തില്‍ നെയ്മറിലാണു ബ്രസീലിയന്‍ ആക്രമണങ്ങള്‍ കേന്ദ്രീകരിക്കുന്നത്. ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന പെലെയുടെ (77) റെക്കോഡ് നെയ്മര്‍ മറികടക്കുമെന്നാണ് കരുതുന്നത്. ഖത്തറില്‍ രണ്ട് ഗോളടിച്ചാല്‍ നെയ്മര്‍ പെലെയ്‌ക്കൊപ്പമാകും. 24 നു സെര്‍ബിയയ്‌ക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ താരമായ നെയ്മര്‍ ഈ വര്‍ഷം ഇതുവരെ 30 ഗോളുകളും 18 അസിസ്റ്റുകളും കുറിച്ചു. 2021 ല്‍ 17 ഗോളുകളും അത്രയും അസിസ്റ്റുകളുമായിരുന്നു കുറിച്ചത്