നിലമ്പൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചറായ ആദിവാസിക്ക് പരുക്കേറ്റു. കരുളായി റെയ്ഞ്ചിലെ പടുക്ക വനം സ്‌റ്റേഷനിലെ താല്‍ക്കാലിക വച്ചറും കരുളായി മണ്ണള കോളനിയിലെ അംഗവുമായ ചിന്നവനാണ് (49) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.മണ്ണള കോളനിയിലേക്ക് മകന്‍ സോമന്‍ ഉള്‍പ്പെടെ ആറുപേര്‍ ഒന്നിച്ചുപോകുമ്പോള്‍ മൂച്ചിള വനമേഖലയില്‍വച്ച് പകല്‍ 12 മണിയോടെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
ഒപ്പമുള്ളവര്‍ ഓടി രക്ഷപ്പെടുന്നതിനിടെ കാട്ടുപോത്ത് ചിന്നവനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ദൂരേക്ക് തെറിച്ചുവീണ ഇയാള്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചിന്നവനെ സ്‌കാനിങ്ങിന് വിധേയനാക്കി. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



