റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനിവാസന്‍ വധം: റൗഫിനെ പാലക്കാട്ടെത്തിച്ച് എന്‍.ഐ.എ. തെളിവെടുത്തു

November 9, 2022 - 4:27 pm

പാലക്കാട് :പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫിനെ എന്‍.ഐ.എ. സംഘം പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയാണ് ശ്രീനിവാസനെ വധിച്ചതെന്ന പോലീസ് കണ്ടെത്തലാണ് കേസില്‍ എന്‍.ഐ.എ. ഇടപെടലിന് വഴിയൊരുക്കിയത്. രാവിലെ 9.45 ന് എന്‍.ഐ.എ. സംഘം റൗഫുമായി പാലക്കാട് ജില്ലാ പോലീസ് ഓഫീസിലെത്തി. ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷിക്കുന്ന ഡിെവെ.എസ്.പി. എം. അനില്‍കുമാറും ഇവിടെ എത്തിയിരുന്നു. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് സംഘം തെളിവെടുപ്പിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസം വൈകിട്ട് ജില്ലാ ആശുപത്രി പരിസരത്ത് ഗൂഢാലോചന നടത്തി തിരിച്ചടിക്ക് പദ്ധതിയിെട്ടന്നാണു കണ്ടെത്തല്‍. ജില്ലാ ആശുപത്രി പരിസരത്തെ തെളിവെടുപ്പിന് ശേഷം പുതുപ്പള്ളിതെരുവിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലെത്തി. തുടര്‍ന്ന് പട്ടാമ്പി വാടാനാംകുറുശ്ശിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും മേലെ പട്ടാമ്പിയിലെ ഫര്‍ണിച്ചര്‍ ഷോപ്പിലും റൗഫുമായി തെളിവെടുപ്പു നടന്നു. മേലെ പട്ടാമ്പിയിലെത്തിച്ച റൗഫിനെ സുരക്ഷാ കാരണങ്ങളാല്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല.
ശ്രീനിവാസന്‍ കൊലക്കേസില്‍ ഗൂഢാലോചനയ്ക്കു പുറമെ കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിലും റൗഫിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീനിവാസന്‍ വധക്കേസില്‍ റൗഫിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഒളിവിലായിരുന്ന റൗഫിനെ കഴിഞ്ഞ 28 ന് അര്‍ദ്ധരാത്രിയാണ് എന്‍.ഐ.എ. സംഘം പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ ഫണ്ട് വരവ്, സമരപരിപാടികള്‍, വിവിധ കേസിലെ പ്രതികള്‍ക്കുള്ള നിയമസഹായം എന്നിവ കൈകാര്യം ചെയ്തിരുന്നത് റൗഫ് ആണെന്ന് എന്‍.ഐ.എ. പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *