ഷിംല: ഹിമാചല്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ പൊതുസിവില്‍കോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ ബി.ജെ.പിയുടെ വാഗ്ദാനം. അടുത്തമാസം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിലും സമാനമായ വാഗ്ദാനം ബി.ജെ.പി നല്‍കിയിരുന്നു. ഹിന്ദുവോട്ടുകള്‍ ലഭിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമാണ് ഇതെന്നും പൊതുസിവില്‍കോഡ് കേന്ദ്രപരിധിയിലുള്ളതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു.പൊതുസിവില്‍ കോഡിന്റെ കാര്യത്തില്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ വേണ്ടതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ ഏക വ്യക്തിനിയമം നടപ്പാക്കാനായി, വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ ബി.ജെ.പി തീരുമാനമെടുത്തത് വിവാദമായിരുന്നു.ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കു സ്വീകാര്യതയുണ്ടാക്കിയ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു സമാനമായതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഹിമാചലില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. 300 യൂണിറ്റ് വരെ െവെദ്യുതി സൗജന്യമാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപനം.പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കല്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, 680 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സര്‍ക്കാര്‍ ജോലി, യുവാക്കള്‍ക്ക് 5 ലക്ഷം തൊഴില്‍ തുടങ്ങി നേരത്തേ പ്രഖ്യാപിച്ച 10 വാഗ്ദാനങ്ങളും ഇതില്‍പെടുന്നു.ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, മൊെബെല്‍ ചികിത്സാ ക്ലിനിക്കുകള്‍, ഫാം ഉടമകള്‍ക്ക് ഉല്പന്നങ്ങളുടെ വിലനിര്‍ണയാധികാരം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
ഓരോ തെരഞ്ഞെടുപ്പിലും ഭരണം മാറ്റുന്ന ഹിമാചലുകാരുടെ രീതിയെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. അടിക്കടി മരുന്നു മാറ്റുന്നത് ചികിത്സയ്ക്കു ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ആര്‍ക്കും പ്രയോജനവുമുണ്ടാകില്ലെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ഹിമാചലില്‍ തുടര്‍ഭരണത്തിലേറുക എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
നാല് ലോക്സഭാ സീറ്റ് മാത്രമുള്ള സംസ്ഥാനമെന്ന നിലയില്‍ ഹിമാചലിനെ അവഗണിക്കുകയാണ് കോണ്‍ഗ്രസെന്നും 12 നു നടക്കുന്ന വോട്ടെടുപ്പില്‍ ചെയ്യുന്ന ഓരോ വോട്ടും ഹിമാചലിന്റെ അടുത്ത 25 വര്‍ഷത്തെ നിര്‍ണയിക്കുന്നതാണെന്നും മോദി പറഞ്ഞു.

