തമിഴ്നാട് കർഷകരുടെ നിയമപോരാട്ടങ്ങൾ കേരളത്തിലെ ഭൂ ഉടമകൾക്ക് ദോഷം ചെയ്യും;ഡിജിറ്റൽ സർവ്വേ നിർത്തിവയ്ക്കണം- ആദ്ര.

തൊടുപുഴ :പരിസ്ഥിതി വനം നിയമങ്ങൾ കൃഷിക്കാരുടെ ഭൂമി യിൽ നടപ്പാക്കി അത് പിടിച്ചെടുക്കുന്ന ഇ എസ് എ -വന്യജീവി കേന്ദ്രത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ, വനം രൂപീകരിക്കൽ ഇവ മൂലം പൊറുതിമുട്ടിയ ജന ജീവിതത്തിനു മേലെ ഹൈറേഞ്ചിൽ പുതിയ ഭീഷണി ഉയരുന്നതായി ഭൂപ്രശ്‌നങ്ങളിൽ ഇടപെടാൻ രാഷ്ട്രീയത്തിനതീതമായി രൂപീകരിച്ചിട്ടുള്ള “ഏജൻസി ഫോർ ഹ്യൂമൻ ഡവലപ്മെൻ്റ് ആൻ്റ് റൂറൽ അപ്രൈസൽ(AHDRA) എന്ന സംഘടന മുന്നറിയിപ്പ് നൽകി.ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും ചേർന്ന് റവന്യൂ രേഖകളിൽ കൃത്രിമത്വം വരുത്തി സംഘടിപ്പിച്ചിട്ടുള്ള ആയിരക്കണക്കിനേക്കർ വരുന്ന ഭൂമി കയ്യേറ്റമാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.തമിഴ്നാട് അതിർത്തി വില്ലേജുകളായ ചിന്നക്കനാൽ, പൂപ്പാറ, ചതുരംഗപ്പാറ,പാറത്തോട് എന്നീ വില്ലേജുകളിലാണ് ഭൂമാഫിയയ്ക്ക് വേണ്ടി ഉദ്യോഗസ്ഥർ വ്യാജ തണ്ട പേരുകൾ ഉണ്ടാക്കിയത്. ഇത് കണ്ടുപിടിക്കാതിരിക്കുവാൻ വേണ്ടി റവന്യൂ രേഖകൾ തീയിട്ട് നശിപ്പിക്കുകയുണ്ടായി.1922ലെ സർവ്വേ മാപ്പാണ് ഇപ്പോൾ ആധികാരികമായി റവന്യൂവിന്റെ പക്കൽ ഉള്ളത്.ഈ മാപ്പിലെ ധാരാളം സർവ്വേ നമ്പരുകളിലെ ഭൂ ഉടമകൾ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.ഇവരുടെ പേരുകൾ ഉപയോഗിച്ച് വ്യാജ രേഖകൾ ചമച്ച് വൻതോതിൽ സമൂഹത്തിലെ വിവിധ തുറകളിലെ ഉന്നതർ
ഭൂമി കയ്യേറ്റംസംഘടിപ്പിച്ചു. റവന്യൂ, ഭൂമാഫിയാ കൂട്ട് കെട്ട് ഉന്നതരും സ്വാധീനമുള്ളവരുമായതിനാൽ എല്ലാ രാഷ്ട്രീയക്കാരും, കർഷക സംഘടനകളും ഇക്കാര്യങ്ങൾ കണ്ടില്ലായെന്ന് നടിക്കുകയായിരുന്നു.

കേരളത്തിൽ ഡിജിറ്റൽ സർവേ ആരംഭിച്ചതോടെ തമിഴ്നാട്ടിൽ കർഷക സംഘടനകൾ സമരവുമായി രംഗത്തുവന്നിരിക്കുകയാണ്.തമിഴ് പേരിലുള്ള തണ്ടപ്പേർ നമ്പറുകൾ ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ ചില സംഘടനകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ ഫയൽ ചെയ്യുവാനുള്ള നീക്കത്തിലാണ്.കേരളം എതിർകക്ഷിയായി നിലവിൽ വരാൻ പോകുന്ന കേസുകളിൽ കേരളത്തിന് രേഖകൾ ഹാജരാക്കുവാൻ കഴിയാത്ത സ്ഥിതി സംജാതമാവുകയാണ്.കേരളത്തിലെ രേഖകൾ ഉദ്യോഗസ്ഥർ കത്തിച്ചു കളഞ്ഞതിനാൽ തമിഴ്നാട്ടിലെ കർഷക സംഘടനകൾ കൊണ്ടുവരുന്ന രേഖകളും തെളിവുകളും നിയമപരമായി സ്ഥാപിക്കപ്പെടാനാണ് സാധ്യത.അങ്ങനെ വരുന്നതോടെ അതിർത്തി വില്ലേജുകളിലെ മുഴുവൻ പട്ടയക്കാരും കൈവശം കൃഷിക്കാരും ഭൂമാഫിയയ്ക്കൊപ്പം കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന സാഹചര്യമുണ്ടാകും.അവരുടെ ഭൂമി അവകാശങ്ങൾ അസ്ഥിരപ്പെടും.ഈ വില്ലേജുകളിൽ തമിഴ്നാട്ടിൽ കിടക്കുന്ന ഭാഗങ്ങൾ വനഭൂമിയായി നേരത്തെതന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.ശരിയായ റവന്യൂരേഖകൾ ഹാജരാക്കുവാൻ കേരളത്തിന് കഴിയാതെ വന്നാൽ തമിഴ്നാട്ടിലെ വനത്തിന്റെ വ്യാപനം കേരളത്തിലെ കൃഷിക്കാരുടെ ഭൂമിയിലേക്ക് ഉണ്ടാകും. അതിർത്തി വില്ലേജുകളിലെ ഭൂരേഖകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ഉദ്യോഗസ്ഥരും ഭൂമാഫിയയും ചേർന്ന് സൃഷ്ടിച്ച കള്ള ആധാരങ്ങളും പട്ടയങ്ങളും കണ്ടെത്തി ഭൂമി പിടിച്ചെടുക്കുകയും ചെയ്യണം.അതിനുമുമ്പ് കേരള തമിഴ്നാട് അതിർത്തി അന്തിമമായി നിശ്ചയിക്കണം.വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും രേഖകൾ നശിപ്പിക്കപ്പെട്ട കാലത്ത് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്മാരുടെ ആസ്തികളുംസ്വത്ത് വിവരങ്ങളും വരുമാനവും സംബന്ധിച്ച വിജിലൻസ് അന്വേഷണം നടത്തണം.ഇതു സംബന്ധിച്ച വിജിലൻസിൽ പരാതികൾ കേരളത്തിലെ കർഷകരുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുവാൻ രൂപീകരിച്ചിട്ടുള്ള “ആദ്ര” നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്.

പത്ര സമ്മേളനത്തിൽ ആർദ്ര പ്രസിഡണ്ട് PA വേലുക്കുട്ടൻ, ടീ ബോർഡ് മെമ്പറും, സോളിഡാരിറ്റി മൂവ്മെൻ്റിൻ്റെ ഡയറക്ടറുമായ Adv. TK തുളസീധരൻ പിള്ള, പത്രപ്രവർത്തകനായ VB രാജൻ, വിവരാവകാശ പ്രവർത്തകൻ സജീവ് സെബാസ്റ്റ്യൻ, റിട്ടയേർഡ്‌ തഹസിൽദാർ TP രാജേന്ദ്രകുമാർ, സാമൂഹ്യ പ്രവർത്തകരായ ഷൈജു മൈക്കിൾ, KR സുനിൽകുമാർ, മുഹമ്മദ് ഷാജി, ജോർജ് ദേവസ്യ, R ജയരാജ് എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം