ന്യൂഡല്‍ഹി: വായ്പാത്തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി മുദ്രപ്പത്രമെഴുതി പെണ്‍കുട്ടികളെ വില്‍ക്കുകയും അമ്മമാരെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മിഷന്. ജാതി പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം ്രകൂരത അരങ്ങേറിയ രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലേക്കു രണ്ടംഗ അന്വേഷണസംഘത്തെ അയയ്ക്കുമെന്നു കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി. സമാനമായ സംഭവങ്ങള്‍ വര്‍ഷങ്ങളായി നടക്കുമ്പോഴും രാജസ്ഥാന് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നു കമ്മിഷന് അധ്യക്ഷ കുറ്റപ്പെടുത്തി. നവംബര്‍ ഒന്നിനു ഭില്‍വാര സന്ദര്‍ശിക്കുന്ന രേഖാ ശര്‍മ സംസ്ഥാന ചീഫ് സെക്രട്ടറിയേയും ജില്ലാ പോലീസ് മേധാവിയേയും വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായും.
മുദ്രപ്പത്രത്തില്‍ കരാറുണ്ടാക്കി പെണ്‍കുട്ടികളെ ലൈംഗികത്തൊഴിലിനായി വിറ്റ നിരവധി സംഭവങ്ങള്‍ ഇതേ ഗ്രാമത്തില്‍ നടന്നിട്ടുണ്ടെന്നു കമ്മിഷന് അധ്യക്ഷ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടു നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്കി. സംസ്ഥാന വനിതാ കമ്മിഷനും സംഭവത്തില്‍ ഡി.ജി.പി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു നോട്ടീസ് അയച്ചു.
നടപടിയെടുത്ത് ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഭില്‍വാര സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി സംസ്ഥാന ബാലാവകാശ കമ്മിഷന് അധ്യക്ഷ സംഗീതാ ബെനിവാള്‍ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണം തേടി.കഴിഞ്ഞ 26-നാണ് ഭില്‍വാര സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലേലം ചെയ്യാനുള്ള ശ്രമം നിരസിച്ചതിനേത്തുടര്‍ന്ന് ജാതി പഞ്ചായത്തുകളുടെ തീരുമാനപ്രകാരം കുട്ടികളുടെ അമ്മമാരെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം നിഷേധിക്കുന്ന നിലപാടായിരുന്നു രാജസ്ഥാന് മന്ത്രി പ്രതാപ് ഖചാര്യാവാസിന്റേത്. അന്വേഷണം പൂര്‍ത്തിയായാലേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാതോടെ മൗനം വെടിഞ്ഞ് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഉചിതമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ ആരായാലും വെറുതേ വിടില്ലെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.



