ജയ്പുര്‍: രാജസ്ഥാനില്‍ വയോധികയുടെ പാദങ്ങള്‍ വെട്ടിമാറ്റി പാദസരം മോഷ്ടിച്ചു. ജയ്പുരില്‍ 09/10/2022 പുലര്‍ച്ചെയാണു മനഃസാക്ഷിയെ മരവിപ്പിക്കുന്ന മോഷ്ടാക്കളുടെ ക്രൂരത അരങ്ങേറിയത്. നൂറു വയസുള്ള യമുനാ ദേവിയാണ് ആക്രമണത്തിനിരയായത്. ഇവര്‍ അതീവ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മകള്‍ ക്ഷേത്രദര്‍ശനത്തിനു പോയിരുന്നതിനാല്‍ യമുനാദേവി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയം വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ വയോധികയുടെ കഴുത്തിനു വെട്ടി പരുക്കേല്‍പ്പിച്ച് പാദങ്ങള്‍ അറുത്തുമാറ്റി വെള്ളിപ്പാദസരം കൈക്കലാക്കുകയായിരുന്നുവെന്നാണു കരുതുന്നത്. വീട്ടിലെ കുളിമുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയശേഷമായിരുന്നു ക്രൂരത. അതിനുശേഷം യമുനാദേവിയെ വീടിനു പുറത്തുള്ള ഓടയ്ക്കരികില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നു.
സംഭവസ്ഥലത്ത് ആദ്യമെത്തിയ വയോധികയുടെ കൊച്ചുമകളാണ് പരുക്കേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും വെട്ടിമാറ്റിയ പാദങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

