റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: വടക്കഞ്ചേരി ബസപകടത്തില്‍ മരിച്ച അധ്യാപകന്റെയും വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചു. ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനുമാണ് അപകടത്തില്‍ മരിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു, മന്ത്രി പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ സ്‌കൂളില്‍ എത്തിയിട്ടുണ്ട്.പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആംബുലന്‍സുകള്‍ക്ക് വേഗത്തില്‍ എറണാകുളത്ത് എത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കിയിരുന്നു.പത്താം ക്ലാസ് വിദ്യാര്‍ഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്റര്‍ബോണ്‍ ജോസ് (16), ദിയ രാജേഷ് (15), പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ജന അജിത് (17), ഇമ്മാനുവല്‍ (16), കായിക അധ്യാപകനായ വിഷ്ണു (33) എന്നിവരാണ് മരിച്ച, ടൂറിസ്റ്റ് ബസ് യാത്രക്കാര്‍. ഇവരുടെ മൃതദേഹമാണ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചത്.അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹപാഠികളെ ഒരു നോക്ക് കാണാന്‍ വിദ്യാര്‍ഥികളും ബന്ധുക്കളുമടക്കം നൂറുക്കണക്കിന് പേര്‍ സ്‌കൂള്‍ മുറ്റത്ത് എത്തിയിട്ടുണ്ട്. ഹൃദയഭേദകമാണ് അവിട നിന്നുള്ള കാഴ്ചകള്‍. ഏറെ ആഹ്‌ളാദത്തോടെ വിനോദയാത്രക്കായി പുറപ്പെട്ട മക്കള്‍ ചേതനയറ്റ് മുന്നിലെത്തിയപ്പോള്‍ രക്ഷിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ ഒന്നൊന്നായി എത്തിയപ്പോള്‍ കൂടിയിരുന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *