റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളില്‍ സുവേന്ദു അധികാരി ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തു

September 14, 2022 - 11:00 am

കൊല്‍ക്കത്ത: തൃണമൂല്‍ സര്‍ക്കാരിനെതിരേ അഴിമതി ആരോപണമുയര്‍ത്തി കൊല്‍ക്കത്തയില്‍ ബി.ജെ.പി. നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.ഭരണസിരാകേന്ദ്രമായ നബന്നയിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തു.സുവേന്ദു അധികാരി, ബി.ജെ.പി എം.പി: ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടി നേതാക്കളെ സെക്രട്ടേറിയറ്റിനു സമീപമുള്ള രണ്ടാം ഹൂഗ്ലി പാലത്തിനു സമീപം എത്തിയപ്പോള്‍ പോലീസ് തടഞ്ഞ് ജയില്‍ വാനില്‍ കൊണ്ടുപോയി.

ഹൗറ പാലത്തിനു സമീപം സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഇതിനിടെ പ്രവര്‍ത്തകര്‍ പോലീസ് കാറിനു തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. റാണിഗഞ്ചിലും പാര്‍ട്ടി പ്രവര്‍ത്തകരെ മുന്‍കൂര്‍ കസ്റ്റഡിയിലെടുത്തു.

നൂറുകണക്കിനു ബി.ജെ.പി അനുഭാവികളാണ് ഇന്നലെ രാവിലെ കൊല്‍ക്കത്തയിലും ഹൗറയിലും നബന്ന ആഭിജാന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി പശ്ചിമ ബംഗാളിനെ ഉത്തര കൊറിയയാക്കിയെന്ന് പോലീസ് വലിച്ചിഴച്ചുകൊണ്ടിരിക്കെ അധികാരി പ്രതികരിച്ചു. മുഖ്യമന്ത്രി മമതയ്ക്ക് അവരുടെ ആളുകളുടെ പോലും പിന്തുണയില്ല,അതിനാല്‍ അവര്‍ ബംഗാളിലും ഉത്തരകൊറിയയ്ക്ക് സമാനമായി ഏകാധിപത്യം നടപ്പാക്കുകയാണ്. ചെയ്യുന്നതിന്റെ വില പോലീസ് നല്‍കേണ്ടിവരും. ബി.ജെ.പി. വരും- അദ്ദേഹം പറഞ്ഞു.സുവേന്ദു അധികാരി, സന്ത്രാഗച്ചി മേഖലയില്‍നിന്ന് മാര്‍ച്ച് നയിച്ചപ്പോള്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രതിഷേധത്തിനു നേതൃത്വം നല്‍കി.മാര്‍ച്ചില്‍ പങ്കെടുക്കാന്‍ അലിപുര്‍ദുവാറില്‍നിന്ന് സീല്‍ദയിലേക്കു പ്രത്യേക ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ബി.ജെ.പി അനുഭാവികളെ പോലീസ്തടഞ്ഞുവെന്നും ലാത്തിചാര്‍ജ് ചെയ്തുവെന്നും നേതാക്കള്‍ ആരോപിച്ചു.സെക്രട്ടേറിയറ്റ് വളയലില്‍ അനുഭാവികള്‍ക്കു പങ്കെടുക്കാന്‍ ബി.ജെ.പി ഏഴ് ട്രെയിനുകള്‍ ക്രമീകരിച്ചിരുന്നു.കൊല്‍ക്കത്തയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുമായി പോയ ബസുകളും നോര്‍ത്ത് 24 പര്‍ഗാനാസില്‍ പോലീസ് തടഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *