ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ അവരുടെ മകന്‍ ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവായി. ഇനി അദ്ദേഹം ചാള്‍സ് മൂന്നാമന്‍ രാജാവ് എന്നറിയപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും. തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്പോള്‍, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ 70ാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീന്‍ കൊന്‍സൊറ്റ്’ (രാജപത്‌നി) പദവി മുന്‍കൂട്ടി സമ്മാനിച്ചത്..രാജ്ഞിയുടെ മരണം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ ചാള്‍സിനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍മാര്‍, മുതിര്‍ന്ന സിവില്‍ ഉദ്യോഗസ്ഥര്‍, കോമണ്‍വെല്‍ത്ത് ഹൈക്കമ്മീഷണര്‍, ലണ്ടന്‍ മേയര്‍ ലോര്‍ഡ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.ചടങ്ങില്‍, പ്രിവി കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റ് പെന്നി മോര്‍ഡന്റ് എലിസബത്ത് രണ്ടാമന്റെ മരണം പ്രഖ്യാപിക്കും. ഈ പ്രഖ്യാപനം ഉച്ചത്തിലുള്ള ശബ്ദത്തിലായിരിക്കും. അതിനുശേഷം നിരവധി പ്രാര്‍ത്ഥനകള്‍ ഉണ്ടാകും, രാജ്ഞിയുടെ നേട്ടങ്ങള്‍ പറയും. പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രിയും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും ലോര്‍ഡ് ചാന്‍സലര്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പിടും. പുതിയ രാജാവ് അധികാരമേറ്റതിന് ശേഷം ചില മാറ്റങ്ങള്‍ വരുത്തണോ എന്ന കാര്യവും ഈ പരിപാടിയില്‍ തീരുമാനിക്കും.



