ഝാര്‍ഖണ്ഡ് ജയില്‍ സംഘര്‍ഷ കേസില്‍ 15 പേര്‍ക്ക് വധശിക്ഷ

റാഞ്ചി: ഝാര്‍ഖണ്ഡ് ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ തടവുകാരന്‍ കൊലപ്പെട്ട കേസില്‍ 15 പേര്‍ക്ക് വധശിക്ഷ.ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 302 (കൊലപാതകം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയ 15 പേരെ ഈസ്റ്റ് സിങ്ഭും അഡീഷണല്‍ ജില്ലാ ജഡ്ജി-4 രാജേന്ദ്ര കുമാര്‍ സിന്‍ഹയാണ് വധശിക്ഷയ്ക്ക് വിധിച്ച് ഉത്തരവായത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ഏഴ് പേര്‍ക്ക് 10 വര്‍ഷം വീതം തടവും വിധിച്ചു. വധശിക്ഷയ്ക്ക് വിധിച്ച രണ്ടു പേര്‍ ഒളിവിലാണ്. 2019 ജൂണ്‍ 25 ന് ജംഷഡ്പൂരിലെ ഗാഗിദി സെന്‍ട്രല്‍ ജയിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ജയിലിലെ രണ്ടു വിഭാഗം തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തില്‍ മനോജ് കുമാര്‍ സിങ് ഉള്‍പ്പെടെ രണ്ട് തടവുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മനോജ് കുമാര്‍ മരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് പര്‍സുദിഹ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാണാതായ രണ്ട് പ്രതികള്‍ക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കാനും അവരെ കോടതിയില്‍ ഹാജരാക്കാനും സംസ്ഥാന പോലീസ് മേധാവിയോട് കോടതി ഉത്തരവിട്ടു. ഇവരെ പിടികൂടാന്‍ തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം